കേരളത്തിലെ വനിതാ സംരംഭങ്ങൾ 4 ലക്ഷം കടന്നു:മുന്നിൽ ബംഗാൾ

0
503

കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ വനിതകൾ ഉടമസ്ഥരായുള്ളത് 4.04 ലക്ഷം സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (MSMEs). ഉദ്യം പോര്‍ട്ടല്‍, ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം എന്നിവ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്.

എം.എസ്.എം.ഇകൾക്ക് പലിശ ഇളവോടെയും ഈടുരഹിതമായും സബ്‌സിഡികളോടെയും വായ്‌പകൾ അനുവദിക്കുന്നതിന് ഉൾപ്പെടെ കേന്ദ്രം ആരംഭിച്ചതാണ് ഉദ്യം പോർട്ടൽ. എം.എസ്.എം.ഇകൾ നിർബന്ധമായും ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഉദ്യം പോർട്ടൽ പ്രകാരം 1.43 ലക്ഷം എം.എസ്.എം.ഇ സംരംഭങ്ങളാണ് കേരളത്തിൽ വനിതകളുടെ ഉടമസ്ഥതയിലുള്ളത്. ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോം പ്രകാരം 2.61 ലക്ഷം വനിതാ സംരംഭങ്ങളുമുണ്ട്.

ബംഗാളിലാണ് വനിതകൾ നയിക്കുന്ന സംരംഭങ്ങൾ ഏറ്റവുമധികമുള്ളത്. 19.81 ലക്ഷം. ദക്ഷിണേന്ത്യയിൽ കേരളത്തിലേക്കാൾ കൂടുതൽ വനിതാ സംരംഭങ്ങളുള്ളത് മറ്റ് സംസ്ഥാനങ്ങളിലാണ്. തമിഴ്‌നാട്ടിൽ 11.46 ലക്ഷം, കർണാടകയിൽ 8.10 ലക്ഷം, ആന്ധ്രയിൽ 7.7 ലക്ഷം, തെലങ്കാനയിൽ 5.79 ലക്ഷം എന്നിങ്ങനെയാണവ. ഇന്ത്യയിൽ ഏറ്റവും കുറവ് വനിതാ സംരംഭങ്ങളുള്ളത് ലക്ഷദ്വീപിലാണ്. 137 സംരംഭങ്ങൾ മാത്രം. രാജ്യത്താകെ 1.4 കോടി എം.എസ്.എം.ഇ സംരംഭങ്ങളെ നയിക്കുന്നത് വനിതകളാണ്.