ഡിജിറ്റൽ റുപ്പിയുടെ ഓഫ്‌ലൈൻ പതിപ്പ് അവതരിപ്പിക്കാൻ റിസർവ് ബാങ്ക്. ഇതുവഴി ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്തയിടങ്ങളിലും ഇ-റുപ്പി വഴി ഇടപാടുകൾ നടത്താൻ സാധിക്കും. പരീക്ഷണാടിസ്ഥാനത്തിലാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (സി.ബി.ഡി.സി) ഓഫ്‌ലൈൻ സൗകര്യം അവതരിപ്പിക്കുന്നത്. നിലവിൽ യു.പി.ഐ വഴി ഓഫ്ലൈനായി ഇടപാടുകൾ നടത്താൻ സാധിക്കും. ഇതിന് സമാനമായ രീതിയിലാകും ഇ-റുപ്പി ഓഫ്ലൈൻ ഇടപാടുകളും.
റിസർവ് ബാങ്കിന്റെ അച്ചടിച്ച കറൻസി നോട്ടിന് പകരം മൊബൈൽ ഫോണിലെ ആപ്പിൽ കൊണ്ടു നടക്കാവുന്ന ഒരു ഡിജിറ്റൽ കറൻസിയാണ് ഇ-റുപ്പി അഥവാ സി.ബി.ഡി.സി. 2022 ഡിസംബറിലാണ് റിസർവ് ബാങ്ക് പരീക്ഷണാടിസ്ഥാനത്തിൽ റീറ്റെയിൽ സി.ബി.ഡി.സി അവതരിപ്പിച്ചത്. ഒരു വർഷം പിന്നിടുമ്പോൾ പ്രതിദിനം 10 ലക്ഷം ഇടപാടുകൾ എന്ന ലക്ഷ്യം പദ്ധതി കൈവരിച്ചു.