ജോലി സമയത്തിന് ശേഷം മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍ കോളുകൾക്കോ, മെസേജുകൾക്കോ ജീവനക്കാർ മറുടി നൽകേണ്ടെന്ന നിയമം നടപ്പിലാക്കാനൊരുങ്ങി ഓസ്ട്രേലിയ. ഓഫീസ് സമയത്തിന് ശേഷം ഇത്തരത്തിൽ ശല്യം ചെയ്യുന്ന മേലുദ്യോഗസ്ഥർക്കെതിരെ പിഴ ശിക്ഷ അടക്കം ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമം. വിച്ഛേദിക്കാനുള്ള അവകാശം (Right to disconnect) എന്നതാണ് നിയമത്തിന്റെ കേന്ദ്ര ഭാഗം. സ്വകാര്യ ജീവിതത്തിനും തൊഴിലിനുമിടയിൽ ബാലൻസ് നിലനിർത്തേണ്ടതിന്റെ ഭാഗമായാണ് പാർലമെന്റിൽ പുതിയ നിയമം അവതരിപ്പിക്കാനൊരുങ്ങുന്നത്.
ഫ്രാൻസ്, സ്പെയിൻ, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഓഫീസ് സമയം കഴിഞ്ഞാൽ ജീവനക്കാർക്ക് ഔദ്യോഗിക ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട്. ഇതിന് സമാനമായ നിയമമാണ് ഓസ്ട്രേലിയയും നടപ്പാക്കാനൊരുങ്ങുന്നത്. ഭൂരിപക്ഷം സെനറ്റർമാരും നിയമത്തെ അനുകൂലിക്കുന്നെന്നാണ് റിപ്പോർട്ട്. ഈ ആഴ്ച അവസാനത്തോടെ നിയമം പാർലമെന്റിൽ അവതരിപ്പിക്കും. വേതനമില്ലാത്ത ഓവർടൈം ജോലി അടക്കമുള്ള ചൂഷണങ്ങൾ തടയാനും നിയമം ലക്ഷ്യമിടുന്നു. ഓസ്ട്രേലിയയിൽ ഓരോ വർഷവും ആറ് ആഴ്ചയോളം ആളുകൾ വേതനമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.