49 ശതമാനം ഉയർന്ന് എൽ.ഐ.സിയുടെ ലാഭം:ഓഹരികളിൽ വൻ മുന്നേറ്റം

0
103

നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2023-24) മൂന്നാംപാദത്തിൽ എൽ.ഐ.സിയുടെ ലാഭം 49 ശതമാനം ഉയർന്ന് 9,441 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രീമിയം വരുമാനം 4.67 ശതമാനം ഉയർന്ന് 1.17 ലക്ഷം കോടി രൂപയിലുമെത്തി.


എൽ.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 11.98 ശതമാനം ഉയർന്ന് 49,366 ലക്ഷം കോടി രൂപയായി. കമ്പനിയുടെ കിട്ടാക്കടം മുൻവർഷത്തെ 5.02 ശതമാനത്തിൽ നിന്ന് 2.15 ശതമാനമായും കുറഞ്ഞു. പ്രീമിയം വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 58.80 ശതമാനം വിപണി വിഹിതവുമായി എൽ.ഐ.സിയാണ് രാജ്യത്തെ ഇൻഷുറൻസ് കമ്പനികളിൽ മുന്നിൽ.


പാദ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ എൽ.ഐ.സി ഓഹരികളിൽ വലിയ മുന്നേറ്റമുണ്ടായി. കമ്പനിയുടെ വിപണി മൂല്യം 7 ലക്ഷം കോടിയെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു. ഇതോടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള അഞ്ചാമത്തെ കമ്പനിയായും എൽ.ഐ.സി മാറി. ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനികളിൽ റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാം സ്ഥാനത്തും, ടാറ്റ കൺസൾട്ടൻസി സർവീസസ് രണ്ടാം സ്ഥാനത്തും, എച്ച്ഡിഎഫ്സി ബാങ്ക് മൂന്നാം സ്ഥാനത്തും, ഐസിഐസിഐ ബാങ്ക് നാലാം സ്ഥാനത്തുമാണ്.