പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് കൂട്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO). 2022-23ലെ 8.15 ശതമാനത്തില്‍ നിന്ന് 8.25 ശതമാനത്തിലേക്കാണ് പലിശനിരക്ക് കൂട്ടിയത്. മൂന്ന് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന പലിശ നിരക്കാണിത്. കേന്ദ്രം അംഗീകാരം നല്‍കുന്നതോടെ തീരുമാനം പ്രാബല്യത്തിലാകും. ആറരക്കോടി ആളുകൾക്ക് ആശ്വാസം പകരുന്നതാണ് നടപടി. 2021-22ൽ പലിശനിരക്ക് 8.10 ശതമാനമായിരുന്നു.
പുതുക്കിയ പലിശനിരക്ക് (8.25%) വോളന്ററി പ്രൊവിഡന്റ് ഫണ്ട് (VPF) നിക്ഷേപങ്ങൾക്കും ബാധകമാണ്. ഇരുപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ നിർബന്ധമായും എംപ്ലോയീസ് പ്രൊവിഡന്റ്റ് (EPF) നിക്ഷേപം ആരംഭിക്കണമെന്നാണ് നിയമം. ഇ.പി.എഫ് ആൻഡ് എം.പി നിയമപ്രകാരം ശമ്പളത്തിന്റെ 12 ശതമാനം തുക ഓരോ മാസവും ജീവനക്കാരൻ ഇ.പി.എഫ് അക്കൗണ്ടിലേക്ക് അടയ്ക്കണം. ഇതിന് തത്തുല്യതുക സ്വന്തം നിലയ്ക്ക് തൊഴിലുടമയും ജീവനക്കാരന്റെ ഇ.പി.എഫ് അക്കൗണ്ടിലേക്ക് അടയ്ക്കണം.