ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ നടപടിയിൽ ഇടപെടലുമായി പാർലമെൻററി സമിതി. പ്രത്യേക റൂട്ടുകളിലെ വിമാന നിരക്കിൽ പരമാവധി പരിധി നിശ്ചയിക്കണമെന്നാണ് സമിതിയുടെ നിർദേശം. വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
വൈഎസ്ആർ കോൺഗ്രസ് എംപി വി വിജയസായി റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സമിതി രാജ്യസഭയിൽ റിപ്പോർട്ട് സമർപ്പിച്ചു. വിമാന നിരക്ക് സംബന്ധിച്ച സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിലപാടും സമിതി വിലയിരുത്തി. വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് സ്വയം നിയന്ത്രിക്കുന്നത് ഫലപ്രദമല്ലെന്ന് സമിതി അഭിപ്രായപ്പെട്ടു.
വിമാന ടിക്കറ്റ് നിരക്കിൽ അസ്വാഭാവികമായ വർധനവുണ്ടായിട്ടുണ്ടെന്ന് ഗതാഗതം, വിനോദസഞ്ചാരം എന്നിവയ്ക്കുള്ള പാർലമെൻററി സമിതിയും വിലയിരുത്തി. പ്രത്യേകിച്ച് ഉത്സവസീസണിലോ, അവധി ദിവസങ്ങളിലോ നിരക്ക് വർധനയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പുറത്തുവന്നിട്ടുണ്ടെന്ന് സമിതി പറഞ്ഞു. വിമാനക്കമ്പനികളുടെ സ്വയം നിയന്ത്രണം കാര്യക്ഷമമല്ലെന്നാണ് സമിതിയുടെ അഭിപ്രായം. വിമാന നിരക്ക് നിയന്ത്രിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) അധികാരപ്പെടുത്തുന്നതിനുള്ള സംവിധാനം വികസിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്തു.