പണപ്പെരുപ്പം മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ:വ്യാവസായിക ഉത്പാദന സൂചികയിലും വളർച്ച

0
280

രാജ്യത്തെ ഉപഭോക്തൃവില (റീറ്റെയ്ൽ) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ. ജനുവരിയിൽ പണപ്പെരുപ്പം 5.10 ശതമാനത്തിലേക്ക് കുറഞ്ഞു. നവംബറിൽ ഇത് 5.55 ശതമാനവും ഡിസംബറിൽ 5.69 ശതമാനവുമായിരുന്നു. വ്യാവസായിക ഉത്പാദന സൂചികയുടെ (IIP) വളർച്ച ഡിസംബറിൽ 3.8 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗ്രാമങ്ങളിലെ പണപ്പെരുപ്പം ഡിസംബറിലെ 5.93 ശതമാനത്തിൽ നിന്ന് 5.34 ശതമാനത്തിലേക്കും, നഗരങ്ങളിലേത് 5.46 ശതമാനത്തിൽ നിന്ന് 4.92 ശതനമാനത്തിലേക്കും കഴിഞ്ഞമാസം കുറഞ്ഞു.


ഭക്ഷ്യ വിലപ്പെരുപ്പവും കുറഞ്ഞു. ഡിസംബറിലെ 9.53 ശതമാനത്തിൽ നിന്ന് 8.30 ശതമാനത്തിലേക്കാണ് ജനുവരിയിൽ ഭക്ഷ്യ വിലപ്പെരുപ്പം താഴ്ന്നത്. പച്ചക്കറികൾ, ഇന്ധനം എന്നിവയുടെ വില കുറഞ്ഞത് ആശ്വാസമായി. റീറ്റെയ്‌ൽ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കുകൾ പരിഷ്‌കരിക്കുന്നത്. റിസർവ് ബാങ്കിന്റെ സഹനപരിധിയായ 2-6 ശതമാനത്തിനുള്ളിലാണ് പണപ്പെരുപ്പം തുടർച്ചയായി തുടരുന്നത്. ഭക്ഷ്യ വിലപ്പെരുപ്പം ജനുവരിയിൽ കുറഞ്ഞതും നേട്ടമായി.


കേരളത്തിലെ പണപ്പെരുപ്പം ജനുവരിയിലും ദേശീയ ശരാശരിയേക്കാൾ താഴെയാണ്. ഡൽഹിക്കും (2.56%), മദ്ധ്യപ്രദേശിനും (3.93%) ശേഷം പണപ്പെരുപ്പ നിരക്ക് ഏറ്റവും കുറവുള്ളതും കേരളത്തിലാണ്. ഡിസംബറിലെ 4.28 ശതമാനത്തിൽ നിന്ന് 4.04 ശതമാനത്തിലേക്കാണ് കേരളത്തിൽ കഴിഞ്ഞമാസം പണപ്പെരുപ്പം കുറഞ്ഞത്.