സംസ്ഥാനത്തെ റേഷൻ കടകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയുള്ള ബാനറുകൾ സ്ഥാപിക്കണമെന്ന കേന്ദ്ര നിർദേശത്തോട് എതിർപ്പ് പ്രകടിപ്പിച്ച് കേരളം. ബ്രാൻഡിംഗിന്റെ ഭാഗമായി റേഷൻ കടകളുടെ മുന്നിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറുകൾ സ്ഥാപിക്കണമെന്നും, പ്രധാനമന്ത്രിയുടെ ചിത്രമുള്ള കവറുകൾ വിതരണം ചെയ്യണമെന്നും കേന്ദ്ര ഭക്ഷ്യ സെക്രട്ടറി, സംസ്ഥാന ഭക്ഷ്യ സെക്രട്ടറിയോട് നിർദേശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രമുള്ള സെൽഫി പോയിന്റും റേഷൻ കടകൾക്ക് മുന്നിൽ വെക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിനോടാണ് കേരളം വിയോജിക്കുന്നത്. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുമെന്നും വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ചോദ്യോത്തരവേളയിൽ പി. അബ്ദുൾ ഹമീദ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തെ 14,000ൽ അധികം റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ സ്ഥാപിച്ച് റിപ്പോർട്ട് നൽകാൻ എഫ്സിഐയോടും, സംസ്ഥാന ഭക്ഷ്യ വകുപ്പിനോടും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. നിർദേശ പ്രകാരം പ്രധാനമന്ത്രിയുടെ ചിത്രവും സെൽഫി പോയിന്റും റേഷൻ കടകളിൽ സ്ഥാപിക്കുമോയെന്നും ഇതിനുള്ള തുക ഏത് ഫണ്ടിൽ നിന്ന് വകയിരുത്തുമെന്നുമാണ് പി. അബ്ദുൾ ഹമീദ് എംഎൽഎ മുഖ്യമന്ത്രിയോട് ചോദിച്ചത്.