വെറുതെ പോക്കറ്റിലിട്ട് നടന്നാൽ ഫോൺ ചാർജ് ആകും:സാങ്കേതിക വിദ്യ വികസിപ്പിച്ച് മാണ്ഡി ഐഐടി

0
314

ഫോണോ അതുപോലുള്ള ചെറിയ ഉപകരണങ്ങളോ ചാര്‍ജ് ചെയ്യണമെങ്കിൽ വെറുതെ പോക്കറ്റിലിട്ടോ കൈയിൽ പിടിച്ചോ കുറച്ച് നേരം കാത്തിരുന്നാൽ മതിയെന്ന കണ്ടെത്തലുമായി ഹിമാചൽ പ്രദേശിലെ മാണ്ഡി ഐഐടിയിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. മനുഷ്യ ശരീരത്തിലെ താപം വൈദ്യുതോ‍ർജമാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണ് ഈ കണ്ടെത്തലിന്റെ കാതൽ.

ശരീരത്തിലെ താപോര്‍ജം വൈദ്യുതോര്‍ജമാക്കി മാറ്റി ഉപയോഗിക്കാൻ കഴിയുന്ന ഒരു തെര്‍മോന്യൂക്ലിയാർ പദാര്‍ത്ഥം കഴിഞ്ഞ ജൂണിൽ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരുന്നു. ഈ കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ജർമൻ ശാസ്ത്ര ജേണലായ Angewandte Chemieയിൽ പ്രസിദ്ധീകരിച്ചു. പുനരുപയോഗിക്കാവുന്ന ഊര്‍ജ സംവിധാനങ്ങളിലും ഊർജ സംരക്ഷണ മേഖലയിലുമെല്ലാം ഈ കണ്ടെത്തൽ വളരെയധികം സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്.

മാണ്ഡി ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അജയ് സോണിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. തെര്‍മോ ഇലക്ട്രിക് ജനറേറ്റർ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് എക്സിലൂടെ(മുൻപ് ട്വിറ്റർ) അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. മനുഷ്യസ്പര്‍ശത്തിലൂടെ മാത്രമേ ഇതിൽ ബാറ്ററി ചാര്‍ജിങ് സാധ്യതമാവുകയുള്ളൂ. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതോര്‍ജം ഉപയോഗിച്ച് ഏത് തരം ഉപകരണങ്ങളും ചാര്‍ജ് ചെയ്യാനും സാധിക്കും. സിൽവര്‍ ടെല്യൂറൈഡ് എന്ന രാസപദാര്‍ത്ഥം കൊണ്ടുനിര്‍മിച്ച നാനോവയറുകൾ ഉപയോഗിച്ചാണ് തെര്‍മോ ഇലക്ട്രിക് മൊഡ്യൂൾ നിര്‍മിക്കുന്നത്.