ഗൂഗിൾ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും മൈക്രോസോഫ്റ്റ് എഡ്‌ജ് വെബ് ബ്രൗസറിലും സുരക്ഷാ തകരാറുകൾ. ഈ പ്രശ്‌നങ്ങൾ ഗൂഗിൾ ക്രോം, മൈക്രോസോഫ്റ്റ് എഡ്‌ജ് ഉപയോക്താക്കളുടെ ഡേറ്റ ചോർത്തുന്നതിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സി.ഇ.ആർ.ടി-ഇൻ) മുന്നറിയിപ്പ് നൽകി. നിലവിൽ ഗൂഗിൾ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റവും മൈക്രോസോഫ്റ്റ് എഡ്‌ജ് വെബ് ബ്രൗസറും ഉപയോഗിക്കുന്നവർ കാലാവധി കഴിഞ്ഞ പതിപ്പുകൾ ഉപയോഗിക്കരുതെന്നും ഇത് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്.
121.0.2277.98ന് മുമ്പുള്ള മൈക്രോസോഫ്റ്റ് എഡ്ജ് (stable), 120.0.2210.167ന് മുമ്പുള്ള മൈക്രോസോഫ്റ്റ് എഡ്ജ് (extended stable), 114.0.5735.350ന് മുമ്പുള്ള ഗൂഗിള്‍ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റം എൽ.ടി.എസ് ചാനൽ പതിപ്പ് എന്നിവയാണ് സുരക്ഷാ ഭീഷണി നേരിടുന്നത്. ഇവ ഉപയോഗിക്കുന്നവർ എത്രയും വേഗം ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുകയോ അതത് കമ്പനികൾ നൽകുന്ന സുരക്ഷാ സംവിധാനങ്ങൾ ഇൻസ്റ്റാൾ ചെയ്യുകയോ വേണം.