കാമത്ത് സഹോദരന്മാരുടെ ട്രേഡിംഗ് വിപ്ലവം:മാർക്കറ്റിംഗ് ഇല്ലാതെ കെട്ടിപ്പടുത്തത് $3.6 മില്യണിന്റെ ബിസിനസ്സ്

0
176

8,000 രൂപ പ്രതിമാസ വരുമാനത്തിൽ നിന്ന് 2,908.9 കോടി രൂപ വാർഷിക ലാഭം നേടുന്ന ‘സീറോദ’യെന്ന ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്ഫോം കെട്ടിപ്പടുത്ത കാമത്ത് സഹോദരന്മാരുടെ കഥ ആരെയും ത്രസിപ്പിക്കുന്നതാണ്. 2010 ൽ വെറും അഞ്ച് ജീവനക്കാരെ വെച്ച് നിഥിനും, നിഖിലും ആരംഭിച്ച സീറോദയിൽ ഇന്ന് 1000 ത്തിൽ അധികം ആളുകളാണ് ജോലി ചെയ്യുന്നത്. ഇന്ത്യൻ ജനസംഖ്യയിൽ വളരെ ചെറിയൊരു ശതമാനം (ഏകദേശം 3%) മാത്രമാണ് സ്റ്റോക്ക് മാർക്കറ്റിൽ വ്യാപാരം നടത്തുന്നത്. ഇതിന്റെ 15% ശതമാനം ട്രേഡിംഗ് നടക്കുന്നത് സീറോദ വഴിയാണ്.

വളർച്ചയെക്കാൾ ലാഭത്തിനാണ് നിഥിനും നിഖിലും പ്രാധാന്യം നൽകിയത്. എന്നാൽ സംരംഭ യാത്രയുടെ തുടക്കം അത്ര സുഗമമായിരുന്നില്ല. ശരാശരിയിൽ താഴെയുള്ള വിദ്യാർത്ഥിയായിരുന്ന നിഥിനെ ട്രേഡിംഗ് പരിചയപ്പെടുത്തിയത് അദ്ദേഹത്തിന്റെ മാർവാഡി സുഹൃത്തുക്കളാണ്. പലരെയും പോലെ, സമ്പന്നനാകുമെന്ന പ്രതീക്ഷയിൽ നിഥിനും ട്രേഡിംഗ് ആരംഭിച്ചു. എന്നാൽ, 2001-02 ലെ മാർക്കറ്റ് തകർച്ച നിഥിന് വരുത്തിവെച്ചത് 5 ലക്ഷം രൂപയുടെ നഷ്ടമാണ്. ഇതോടെ കോളേജ് പഠനം ഉപേക്ഷിച്ച് പ്രതിമാസം 8,000 രൂപയ്ക്ക് ഒരു കോൾ സെന്ററിൽ നൈറ്റ് ഷിഫ്റ്റിൽ ജോലി ആരംഭിച്ചു. പരാജയം സമ്മതിക്കാൻ തയ്യാറല്ലായിരുന്ന നിഥിൻ പകൽ സമയത്ത് ഓഹരികൾ ട്രേഡ് ചെയ്ത് തന്റെ ട്രേഡിംഗ് പോർട്ട്‌ഫോളിയോ നിർമ്മിച്ചെടുത്തു. 2005-ൽ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയാണ് നിഥിന്റെ ട്രേഡിംഗ് പോർട്ട്‌ഫോളിയോയിൽ ആകൃഷ്ടനായ ഒരു NRI തന്റെ ഫണ്ട് മാനേജ് ചെയ്യാൻ ആവശ്യപ്പെട്ടത്. അങ്ങനെ ആദ്യ ക്ലയന്റ് 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയതോടെ നിഥിൻ കോൾ സെന്ററിലെ ജോലി ഉപേക്ഷിച്ചു. അദ്ദേഹം നിഥിനെ തന്റെ സുഹൃത്തുക്കൾക്ക് കൂടി റഫർ ചെയ്തതോടെ ക്ലയന്റ് ബേസ് ഒന്നിൽ നിന്ന് നാൽപ്പതായി വളർന്നു.

അതേസമയം പത്താം ക്ലാസിന് ശേഷം സ്കൂൾ പഠനം നിർത്തിയ സഹോദരൻ നിഖിലും, ഒരു കോൾ സെന്ററിൽ പ്രതിമാസം 8,000 രൂപയ്ക്ക് ജോലി ചെയ്യാൻ തുടങ്ങി. അസാമാന്യ ധൈര്യം തന്നെ വേണ്ടിയിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ. 18 വയസ്സ് തികഞ്ഞതോടെ നിഖിൽ പിതാവിന്റെ സമ്പാദ്യം കൈകാര്യം ചെയ്യാൻ ആരംഭിച്ചു. അച്ഛനായിരുന്നു നിഖിലിന്റെ ആദ്യ ക്ലയന്റ്. 2004-ൽ നിഖിൽ ജോലി ഉപേക്ഷിച്ച് നിഥിനൊപ്പം കാമത്ത് അസോസിയേറ്റ്‌സ് ആരംഭിച്ചു. സ്റ്റോക്ക് ട്രേഡിംഗിലൂടെയും ക്ലയന്റ് ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിലൂടെയും സമ്പാദിച്ച പണം നിക്ഷേപിച്ച് 2010 ൽ കാമത്ത് സഹോദരങ്ങൾ സീറോദ ആരംഭിച്ചു. അതിശയമെന്നോണം സീറോദയ്ക്ക് വേണ്ടി അവർ യാതൊരുവിധ മാർക്കറ്റിംഗും ചെയ്തില്ല. പരസ്യങ്ങളും നൽകിയില്ല. മൗത്ത് പബ്ലിസിറ്റി വഴി മാത്രമാണ് സീറോദ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോക്കറേജ് സ്ഥാപനങ്ങളിൽ ഒന്നായി മാറിയത്.

സീറോദ കൊണ്ട് ഈ സഹോദരങ്ങൾ ലക്ഷ്യമിട്ടത് രണ്ട് പ്രശ്നങ്ങൾക്കുള്ള പരിഹാരമായിരുന്നു. സ്റ്റോക്ക് ബ്രോക്കർമാർ ഉയർന്ന ഫീസ് ഈടാക്കിയിരുന്നിടത്ത് സീറോദ എല്ലാ ട്രേഡുകൾക്കും ഫ്ലാറ്റ് 20 രൂപ ഫീസ് നിശ്ചയിച്ചു. കൂടാതെ എല്ലാ ഹിഡൺ ചാർജുകളും അവർ വെളിപ്പെടുത്തി. സീറോ എന്നാൽ ‘പൂജ്യം’, ‘രോധ’ എന്നാൽ സംസ്‌കൃതത്തിൽ തടസ്സം. സീറോദ എന്ന പേര് വ്യക്തമാക്കുന്നത് പോലെ തടസ്സ രഹിത വ്യാപാരമായിരുന്നു കാമത്ത് സഹോദരങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലെ ആദ്യത്തെ ‘ഡിസ്‌കൗണ്ട് ബ്രോക്കറേജ്’ സ്ഥാപനമാണ് സീറോദ.

2011-ൽ, സീറോദയെ പരാമർശിച്ച് ഇക്കണോമിക് ടൈംസ് ഡിസ്കൗണ്ട് ബ്രോക്കിംഗ് വ്യവസായത്തെക്കുറിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഇത് സീറോദയുടെ ക്ലയന്റ് ഫ്ലോ 100 ഉപഭോക്താക്കളിൽ നിന്ന് പ്രതിമാസം 400 ആയി വർദ്ധിപ്പിക്കാൻ സഹായിച്ചു. പിന്നീട് ഇക്വിറ്റി ഡെലിവറി ഫീസ് 20 രൂപയിൽ നിന്ന് ₹0 ആയി കുറച്ചു. അങ്ങനെ സീറോദ “സീറോ ബ്രോക്കറേജ് ഫീസ്” മാതൃക നടപ്പിലാക്കി.

2015 വരെ 70,000 അക്കൗണ്ടുകൾ ഉണ്ടായിരുന്നിടത്ത് 2016 ൽ 700000 അക്കൗണ്ടുകൾ തുറന്നു. ഇന്ന് സീറോദയിൽ 1 കോടിയിലധികം അക്കൗണ്ടുകളുണ്ട്. 2022-ൽ ₹4934 കോടി വരുമാനം നേടിയ സീറോദയുടെ ലാഭം 2094 കോടി രൂപയായിരുന്നു. തങ്ങളുടെ ജീവനക്കാരില്ലാതെ ഈ വളർച്ച സാധ്യമാകുമായിരുന്നില്ലെന്ന് കാമത്ത് സഹോദരങ്ങൾ പറയുന്നു. സീറോദയുടെ 90% ജീവനക്കാരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.

വിജയകരമായ ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുക മാത്രമല്ല, വിദ്യാഭ്യാസവും മാനസികാരോഗ്യവും ഉൾപ്പെടെയുള്ള വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും ഇവർ സജീവമായി ഇടപെടുന്നുണ്ട്. 2017-ൽ, സീറോദ സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങൾ സൃഷ്ടിക്കുന്ന സ്റ്റാർട്ടപ്പുകൾക്കായി “റെയിൻമാറ്റർ” എന്ന ഇൻകുബേറ്റർ ആരംഭിച്ചു. നിക്ഷേപത്തെയും വ്യാപാരത്തെയും കുറിച്ചുള്ള സൗജന്യ കോഴ്‌സുകൾ നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമായ “വാഴ്‌സിറ്റി” ഉൾപ്പെടെയുള്ള വിവിധ വിദ്യാഭ്യാസ സംരംഭങ്ങളും സീറോദ ആരംഭിച്ചിട്ടുണ്ട്.


ലാഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെയും ഉപഭോക്താക്കൾക്ക് മൂല്യം നൽകേണ്ടതിന്റെയും പ്രാധാന്യം എടുത്തുകാണിക്കുന്നതാണ് കാമത്ത് സഹോദരന്മാരുടെ ബിസിനസ് മോഡൽ.