‘ഭാവിയുടെ ഇന്ധനം’ ഉത്പ്പാദിപ്പിക്കാൻ സിയാൽ:ലോകത്തിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ വിമാനത്താവളമാകും

0
331

ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് സ്ഥാപിക്കുന്നതിന് ഭാരത് പെട്രോളിയം കോർപ്പറേഷനുമായി (ബി.പി.സി.എൽ) ധാരണാപത്രം ഒപ്പുവച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ). നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ലോകത്ത് ആദ്യമായാണ് ഒരു വിമാനത്താവളത്തിൽ ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് സ്ഥാപിക്കുന്നത്.

പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ഊർജമുപയോഗിച്ച് ഉത്പ്പാദിപ്പിക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ. സിയാലിൻ്റെ സൗരോർജ പ്ലാൻ്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ച് ബി.പി.സി.എല്ലിൻ്റെ സാങ്കേതിക സഹായത്തോടെ ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കും. 50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാർ-ഹൈഡ്രോ പദ്ധതികളിലൂടെ 2 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സിയാൽ ദിവസേന ഉത്പ്പാദിപ്പിക്കുന്നത്. ഇതുകൂടാതെയാണ് 1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാൻ്റ് സ്ഥാപിക്കുന്നത്.


പ്ലാൻ്റിൽ നിന്ന് ലഭിക്കുന്ന ഇന്ധനം വിമാനത്താവളത്തിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഉപയോഗിക്കും. 2025ന്റെ തുടക്കത്തിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമാണ് സിയാൽ.