സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകർക്കും വളരാനുള്ള സാഹചര്യം ഒരുക്കി സംസ്ഥാനത്ത് സ്കെയിൽ അപ്പ് വില്ലേജ് വരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ അനുയോജ്യമായ ഇക്കോ സിസ്റ്റവും മെന്ററിങ്ങും നല്‍കുന്ന കേരളത്തിലെ ആദ്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കായിരിക്കും സ്‌കെയില്‍ അപ് വില്ലേജ്. ബിസിനസ് രംഗത്തെ 27 പ്രമുഖരാണ് പെരിന്തൽമണ്ണ ആസ്ഥാനമായുള്ള സ്കെയിൽ അപ്പ് വില്ലേജ് എന്ന് ആശയത്തിന് പിന്നിൽ. നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ നടന്ന സ്കെയിൽ അപ്പ് കോൺക്ലേവിന്റെ ഭാഗമായാണ് പുതിയ കമ്പനി രൂപീകരിക്കുന്നത്.
സ്കെയിൽ അപ്പ് വില്ലേജിനായി 25,000 ചതുരശ്ര അടിയിൽ പുതിയ കെട്ടിടം നിർമിക്കും. പുതിയ സംരംഭകർക്ക് മാർഗ നിർദേശങ്ങൾ നൽകാൻ വ്യവസായ മേഖലയിലെ വിദഗ്ധരുടെ പങ്കാളിത്തം ഉറപ്പാക്കും. പൊതുമേഖലാ സ്ഥാപനങ്ങളായ കേരള സ്റ്റാർട്ടപ്പ് മിഷൻ, കെഎസ്ഐഡിസി, അസാപ്, നോളജ് ഇക്കണോമി മിഷൻ എന്നിവരുടെ പങ്കാളിത്തതോടെയായിരിക്കും പദ്ധതി നടപ്പാക്കുക.
ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ നേരിട്ടെത്തിക്കുന്ന ഡി2സി ബിസിനസുകൾക്കായിരിക്കും ആദ്യഘട്ടത്തിൽ സ്കെയിൽ അപ്പ് വില്ലേജിൽ പ്രോത്സാഹനം നൽകുക. നിക്ഷേപക കമ്പനിക്കായിരിക്കും വ്യവസായ പാർക്കിന്റെ നടത്തിപ്പ് ചുമതല. കൂടാതെ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി വില്ലേജിൽ പ്രത്യേക പദ്ധതികളും തയ്യാറാക്കും.