വിസ-മാസ്റ്റർകാർഡിൽ നിന്നുള്ള ബിസിനസ് പേയ്‌മെന്റ് നിർത്താൻ നിർദ്ദേശിച്ച് ആർബിഐ. പേടിഎം പേയ്‌മെന്റ് ബാങ്കിനെതിരായ നടപടിയ്ക്ക് പിന്നാലെയാണ് റിസർവ് ബാങ്കിന്റെ ഈ നടപടി. ചെറുതും വലുതുമായ ബിസിനസ്സുകളുടെ കാർഡ് അടിസ്ഥാനമാക്കിയുള്ള വാണിജ്യ ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനാണ് ആഗോള പേയ്‌മെന്റ് ഭീമൻമാരായ വിസയ്ക്കും മാസ്റ്റർകാർഡിനും ആർബിഐ നിർദേശം നൽകിയത്.
ആർബിഐയുടെ ഈ നടപടിക്ക് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കെവൈസി പാലിക്കാത്ത ചെറുകിട വ്യവസായികൾ നടത്തുന്ന ഇടപാടുകള്‍ ആശങ്ക ഉയർത്തുന്നത് മൂലമാണ് നടപടിയെന്നാണ് സൂചന.
എല്ലാ ബിസിനസ് പേയ്‌മെന്റ് സേവന ദാതാക്കളുടെ (ബിപിഎസ്‌പി) ഇടപാടുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ആർബിഐ നിർദേശിച്ചിട്ടുണ്ടെന്നും അതിനാൽ, വിസയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ബിപിഎസ്പി വ്യാപാരികളെയും ഇടപാടുകളിൽ നിന്നും വിലക്കുന്നതായി വിസ ഫിൻടെക്കുകളെ അറിയിച്ചിട്ടുണ്ട്.