ഇന്ത്യയിലെ വീടുകൾക്ക് പുരപ്പുറ സോളാർ പാനൽ സ്ഥാപിക്കാൻ എലോൺ മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല (Tesla). പ്രാദേശിക പങ്കാളിത്തതോടെ രാജ്യത്ത് പുരപ്പുറ സോളാർ പാനൽ വികസിപ്പിക്കാൻ ടെസ്ല പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. തിരഞ്ഞെടുത്ത കമ്പനികൾ സോളാർ പാനൽ നിർമാണത്തിലും ഇൻസ്റ്റാലേഷനിലും ടെസ്ലയെ സഹായിക്കും. സോളാർ പാനൽ നിർമാണത്തിനാവശ്യമായ സാങ്കേതിക സഹായവും വിപണി കണ്ടെത്താനുള്ള സഹായവും ടെസ്ല നൽകും.
പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാരിനോട് ടെസ്ല സബ്സിഡിയും ഗ്രാന്റും ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസിൽ സൗരോർജ ബിസിനസിൽ ഉണ്ടായ ഇടിവ് ഇന്ത്യയിലേക്ക് വരാനുള്ള ടെസ്ലയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. 2020നെ അപേക്ഷിച്ച് 2023 ഡിസംബറിൽ യുഎസിൽ സൗരോർജ ബിസിനസ് 59% കുറഞ്ഞു. അതേസമയം സൗരോർജ പദ്ധതികൾക്ക് ഇന്ത്യ വലിയ പ്രോത്സാഹനമാണ് നൽകുന്നത്. ഇതാണ് ടെസ്ലയെ ഇന്ത്യയിലേക്ക് ആകർഷിക്കാനുള്ള പ്രധാന കാരണം.