ലോകമെമ്പാടുനിന്നുമുളള 100 ബ്രാൻഡുകളെ ഉൾക്കൊള്ളിച്ച് ഡിലോയിറ്റ് പുറത്തുവിട്ട ‘ഗ്ലോബൽ പവേഴ്‌സ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് -2023 പട്ടികയിൽ ഇടംപിടിച്ച് കേരള ബ്രാൻഡുകൾ. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംനേടിയ ആറ് കമ്പനികളിൽ മൂന്നും കേരളത്തിൽ നിന്നുള്ളവയാണ്. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, കല്യാൺ ജുവലേഴ്‌സ്, ജോയ് ആലുക്കാസ് എന്നീ ജുവലറി ശൃംഖലകളാണവ. ഇന്ത്യയിൽ നിന്ന് ഇടംനേടിയ ആറ് ബ്രാൻഡുകളും ജുവലറി മേഖലയിൽ നിന്നുള്ളവയാണ്.
ഇന്ത്യയിൽ നിന്ന് ഏറ്റവും മുന്നിലുള്ളത് കോഴിക്കോട് ആസ്ഥാനമായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സാണ്. പട്ടികയിൽ 19-ാം സ്ഥാനത്താണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ടാറ്റാ ഗ്രൂപ്പിന് കീഴിലുളള ആഡംബര ബ്രാൻഡായ ടൈറ്റൻ 24-ാം സ്ഥാനത്താണ്. തൃശൂർ ആസ്ഥാനമായുള്ള കല്യാൺ ജുവലേഴ്‌സ് 46-ാം സ്ഥാനത്തും ജോയ് ആലുക്കാസ് 47-ാം സ്ഥാനത്തുമാണ്. 78-ാം സ്ഥാനത്തെത്തിയ സെൻകോ ഗോൾഡ്, 98-ാം സ്ഥാനത്തെത്തിയ തങ്കമയിൽ ജുവലറി എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള മറ്റ് ബ്രാൻഡുകൾ. ഇന്ത്യയിൽ നിന്ന് ഇടംനേടിയ കമ്പനികളുടെ മൊത്തം വിൽപനയിൽ 36 ശതമാനവും മലബാർ ഗോൾഡിന്റേതാണ്. 32 ശതമാനമാണ് ടൈറ്റൻ്റെ പങ്ക്.
100 ബ്രാൻഡുകളുള്ള പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളും സ്വന്തമാക്കിയത് ഫ്രാൻസിൽ നിന്നുള്ള കമ്പനികളാണ്. പ്രസിദ്ധമായ ലൂയി വിട്ടൺ (Louis Vuitton) ബ്രാൻഡിൻ്റെ ഉടമസ്ഥരായ എൽ.വി.എം.എച്ച് ആണ് ഒന്നാമത്. ഗുച്ചി, ബാലൻസിയാഗ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമസ്ഥരായ കെറിംഗ് എസ്.എ ആണ് രണ്ടാം സ്ഥാനത്ത്.