1,600-ലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആഗോള സ്പോർട്സ് വെയർ ബ്രാന്റായ നൈക്കി. നൈക്കിയുടെ ആകെ ജീവനക്കാരിലെ 2 ശതമാനം വരുമിത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് നൈക്കി ചീഫ് എക്സിക്യൂട്ടീവ് ജോൺ ഡൊണാഹോ അറിയിച്ചു. ഏകദേശം 83,700 ജീവനക്കാരാണ് 2023 മെയ് 31 വരെ ആഗോളതലത്തിൽ കമ്പനിക്കുണ്ടായിരുന്നത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ വരെ ചെലവ് കുറക്കുമെന്ന് നൈക്കി കഴിഞ്ഞ വർഷം ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നത്.
നൈക്കിയുടെ ഏറ്റവും വലിയ വിപണിയായ വടക്കേ അമേരിക്കയിൽ ഷൂ വിൽപ്പനയിൽ അഞ്ച് ശതമാനം ഇടിവുണ്ടായിരുന്നു. അഡിഡാസ്, പ്യൂമ, ജെഡി സ്‌പോർട്‌സ് ഉൾപ്പെടെയുള്ള സ്പോർട്സ് വെയർ ബ്രാന്റുകളും നടപ്പുവർഷത്തെ വിൽപ്പന ഇടിവിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.