ഇന്ത്യയുടെ അത്യാധുനിക കാലാവസ്ഥാ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം ഇന്ന്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനായി ഐ.എസ്.ആർ.ഒ നിർമ്മിച്ച ഉപഗ്രഹമായ ഇൻസാറ്റ് 3ഡി.എസ് ഇന്ന് വൈകീട്ട് 5.35-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപിക്കുക. ഐഎസ്ആർഒയുടെ ‘നോട്ടി ബോയ്’ എന്നറിയപ്പെടുന്ന ജി.എസ്.എൽ.വി ആണ് വിക്ഷേപണ വാഹനം.
കാലാവസ്ഥാ പ്രവചനത്തിനും, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും ഉപഗ്രഹം മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. കാട്ടു തീ വരെ തിരിച്ചറിയാനും, മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഇൻസാറ്റ് 3ഡി.എസ് നൽകുന്ന വിവരങ്ങളിലൂടെ സാധിക്കും. സൈക്ലോണ്‍ പ്രവചനം ഉള്‍പ്പെടെ കൂടുതല്‍ കൃത്യമായി നടത്താൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ജി.എസ്.എൽ.വിയുടെ പതിനാറാം ദൗത്യമാണ് ഈ വിക്ഷേപണം. 2,274 കിലോഗ്രാം ഭാരമുണ്ട് ഉപഗ്രഹത്തിന്. ഏകദേശം 480 കോടി രൂപ ചെലവിലാണ് നിർമാണം. ഇൻസാറ്റ്-3ഡി, ഇൻസാറ്റ്-3ഡിആർ, ഓഷ്യൻസാറ്റ് എന്നിവയാണ് നിലവില്‍ ഇന്ത്യയുടെ കാലാവസ്ഥാ ഉപഗ്രഹങ്ങള്‍.