സ്വർണ്ണ കടലാസിൽ പൊതിഞ്ഞ ഫെറോറോ റോഷെ:ഇത് ചോക്ലേറ്റ് വിറ്റ് കോടീശ്വരനായ മിക്കേലിന്റെ കഥ 

0
373

സ്വർണ്ണത്തിൽ കടലാസിൽ പൊതിഞ്ഞ, കാഴ്ചയിൽ തന്നെ ആരെയും  കൊതിപ്പിക്കുന്ന ആഘോഷത്തിന്റെയും, പ്രൗഢിയുടേയും പ്രതീകമായ ചോക്ലേറ്റ്. ന്യൂട്ടെല്ലയിൽ മുക്കിയ ഹേസൽ നട്ടിനെ ചോക്ലേറ്റിൽ നനഞ്ഞ വേഫർ ഷെല്ലുകൊണ്ട് പൊതിഞ്ഞ്, അതിനു മുകളിൽ തരിതരിയായുള്ള വറുത്ത ഹേസൽ നട്ട് വിതറി, ഗോൾഡ് ഫോയിലിൽ പൊതിഞ്ഞെടുക്കുന്ന ഫെറോറോ റോഷെ. ഇറ്റാലിയൻ ബിസിനസ്സുകാരനായ  മിക്കേല ഫെറോറോയാണ് ഈ ചോക്ലേറ്റ് ലോകത്തിന് പരിചയപ്പെടുത്തിയത്. തൻ്റെ പിതാവിൻ്റെ ചെറിയ ബേക്കറി ഒരു മൾട്ടി-ബില്യൺ ഡോളർ ബിസിനസ്സും, ചരിത്രത്തിലെ ഏറ്റവും മികച്ച ചോക്ലേറ്റ് ബ്രാൻഡുകളിലൊന്നുമാക്കി മാറ്റിയ മിക്കേലയുടെ കഥയാണിത്.

1925 ൽ ഇറ്റലിയിലെ പീഡ്മോണ്ടിലാണ് മിക്കേല ഫെറോറോ ജനിച്ചത്. അൽബ് എന്ന ചെറുപട്ടണത്തിലായിരുന്നു ബാല്യം. പേസ്ട്രി ഷെഫായിരുന്ന മിക്കേലയുടെ  പിതാവ് പിയെട്രോ അൽബയിൽ ഒരു ചെറിയ ബേക്കറി തുടങ്ങി. കൊക്കോയുടെയും ഹേസൽ നട്ടിന്റെയും ശരിയായ മിശ്രണം കണ്ടെത്തുന്നതിൽ വിദഗ്ദ്ധനായിരുന്ന പിയെട്രോ ‘ജെൻഡൂയ’ എന്ന പേരിൽ ഒരു ചോക്ലേറ്റ് ബാർ പുറത്തിറക്കി. ഇത് വിജയമായതോടെ 1946 ൽ പിയെട്രോയും സഹോദരൻ ജിയോവാനിയും ചേർന്ന് ‘ഫെറോറോ’ എന്ന കമ്പനി രൂപീകരിച്ചു. പിയെട്രോയുടെ ചോക്ലേറ്റ് ചേരുവകൾ വളരെ സവിശേഷമായിരുന്നു. ഹേസൽ നട്ട് ഇറക്കുമതി ചെയ്യാൻ പ്രയാസമായിരുന്ന രണ്ടാം ലോക മഹായുദ്ധകാലത്ത് പിയെട്രോ അൽബയിൽ ഒരു ഫാക്ടറി തന്നെ തുറന്നു.  എന്നാൽ 51-ാം വയസ്സിൽ പിയെട്രോ മരിച്ചു. അദ്ദേഹത്തിന്റെ മരണത്തോടെ അമ്മാവൻ ജിയോവാനിയും മിക്കേലയും ബിസിനസ്സ് ഏറ്റെടുത്തു. എന്നാൽ 10 വർഷം കഴിഞ്ഞപ്പോൾ അമ്മാവൻ ജിയോവാനിയും മരിച്ചു. ഇതോടെ കമ്പനിയുടെ മുഴുവൻ ചുമതലയും മിക്കേലിലേക്ക് വന്നുചേർന്നു.

പിതാവ് പിയെട്രോയിൽ നിന്ന് പഠിച്ച ബിസിനസ്സ് പാഠങ്ങൾ മിക്കേലിന് ഏറെ ഗുണം ചെയ്തു. അങ്ങനെ രണ്ടു വർഷത്തിന് ശേഷം മിക്കേല ജെൻഡൂയ എന്ന ചോക്ലേറ്റ് ബാറിനു പകരം ‘സൂപ്പർ ക്രീമ’ എന്ന  ബട്ടർ പോലെ ബ്രഡിൽ പുരട്ടാവുന്ന ചോക്ലേറ്റ് അവതരിപ്പിച്ചു. അതൊരു വിപ്ലവം തന്നെയായിരുന്നു. കാരണം ചോക്ലേറ്റിനെ ഒരു ആഡംബര ഉത്പന്നത്തിൽ നിന്ന് ദൈനംദിന ഉത്പന്നമാക്കി മാറ്റുകയായിരുന്നു മിക്കേല. തന്റെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിലും മിക്കേല അതിവിദഗ്ധനയിരുന്നു. ഫെറോറോ കമ്പനിയുടെ ലോഗോ പതിച്ച ട്രക്കുകൾ ഇറ്റലിയിലെങ്ങും ചുറ്റിസഞ്ചരിച്ച് കുട്ടികൾക്ക് ചോക്ലേറ്റുകൾ വിതരണം ചെയ്തു. അതൊരു മാർക്കറ്റിംഗ് തന്ത്രമായിരുന്നു. ഫെറോറോ ചോക്ലേറ്റിനെ കൂടുതൽ ജനകീയമാക്കുന്നതിനുള്ള തന്ത്രം. ഒരു ദശാബ്ദത്തിനുള്ളിൽ ഫെറോറോ മൂന്ന് ഫാക്ടറികൾ തുറന്നു. അതിൽ രണ്ടെണ്ണം ഇറ്റലിക്ക് പുറത്തായിരുന്നു. ജർമ്മൻ വിപണിയിലേക്ക് പ്രവേശിച്ച അദ്ദേഹം  ജർമനിയിലെ പഴയ മിസൈൽ ഫാക്ടറികളെ ചോക്ലേറ്റ് ഫാക്ടറികളാക്കി മാറ്റി. യുദ്ധാനന്തര അടിസ്ഥാന സൗകര്യങ്ങളും യുദ്ധസമയത്ത് ഉയർന്നുവന്ന പലഹാരങ്ങളുടെ ആവശ്യകതയും മിക്കേല  മുതലെടുത്തു.

1964 ൽ മിക്കേല മറ്റൊരു നിർണായക നീക്കം നടത്തി. സൂപ്പർ ക്രീമയുടെ പേര് ന്യൂട്ടെല്ല എന്നാക്കി മാറ്റി. നട്ട്സ് കൊണ്ട് നിർമ്മിച്ചത് കൊണ്ടും മൊസറെല്ല പോർട്ടബെല്ല, സിട്രോനെല്ല തുടങ്ങിയ ഇറ്റാലിയൻ ഭക്ഷ്യ വസ്തുക്കളുടെ പേരുകളുടെ ഉച്ചരണവുമായി സാമ്യത വരുത്താനുമാണ് ന്യൂട്ടെല്ല എന്ന പേരിട്ടത്. സൂപ്പർ ക്രീമയിൽ നിന്ന് വ്യത്യസ്തമായ ഫോർമുല ഉപയോഗിച്ചാണ് ന്യൂട്ടെല്ല സൃഷ്ടിച്ചത്. നിർമ്മാണ ഫാക്‌ടറികളിലേക്ക് മാധ്യമ സന്ദർശനങ്ങളൊന്നും അനുവദിച്ചില്ല. യഥാർത്ഥ ഫോർമുല അറബിയിലേക്ക് വിവർത്തനം ചെയ്ത് ഈജിപ്ഷ്യൻ നിലവറയിൽ സൂക്ഷിക്കുക പോലും ചെയ്തു. വ്യാപകമായി പരസ്യം ചെയ്യപ്പെട്ട ഈ  ഉത്പ്പന്നം വളരെ  പെട്ടെന്ന് യൂറോപ്യൻ യുവാക്കൾക്ക് പ്രിയങ്കരമായി മാറി. മിക്കേലിന്റെ മുമ്പിൽ പുതിയ വിപണികൾ തുറക്കപ്പെട്ടു. 1983-ൽ അദ്ദേഹം ഉത്പ്പന്നം അമേരിക്കയ്ക്ക് വിറ്റു. അവിടെ അതൊരു ആഗോള പ്രതിഭാസമായി മാറി. 

1968 ൽ, ജർമ്മൻ ഭാഷയിൽ “കുട്ടികൾ” എന്നർത്ഥം വരുന്ന കിൻഡർ എന്ന പേരിൽ കുട്ടികൾക്കായി മാത്രം ഒരു ഉത്പ്പന്നം അദ്ദേഹം വികസിപ്പിച്ചെടുത്തു. പാൽ, ചോക്ലേറ്റ്, പഞ്ചസാര, പാൽപ്പൊടി, കൊക്കോ എന്നിവയുടെ സവിശേഷമായ മിശ്രിതത്തിൽ നിർമ്മിച്ച കിൻഡർ എതിരാളികളെപ്പോലും അകറ്റി നിർത്തി. മുട്ടയുടെ ആകൃതിയിലുള്ള കിൻഡർ ഇന്നും കുട്ടികൾക്ക് കൗതുകമാണ്. 

1979 ൽ മിക്കേല ഒരു പുതിയ ചോക്ലേറ്റ് ലോകത്തിന് പരിചയപ്പെടുത്തി. ഫെറോറോ റോഷെ. ഒരു തീർത്ഥാടന യാത്രയിലാണ് മിക്കേലിന് ആ പേര് ലഭിച്ചത്. ഫ്രാൻസിൽ ലൂർദിലെ റോഷർ ഡേ മെസോപിയൽ എന്ന സ്ഥലത്തേക്കായിരുന്നു ആ യാത്ര. അവിടെ കന്യാമറിയത്തിന്റെ കല്ലിൽ തീർത്ത ഗ്രോട്ടോ കണ്ടത് മിക്കേലിന് പ്രചോദനമായി. തന്റെ പുതിയ ചോക്ലേറ്റിന് മിക്കേല ഫെറോറോ റോഷെ എന്ന പേര് നൽകി. റോഷെ എന്നാൽ കല്ല് എന്നാണ് അർഥം. മൂന്ന് ലെയറുകളിലായി നിർമ്മിച്ചിരിക്കുന്ന ഫെറോറോ റോഷെ ഇന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഉത്പന്നമാണ്.

ഇന്ന് അഞ്ച് ഭൂഖണ്ഡങ്ങളിൽ വ്യാപിച്ച് കിടക്കുന്ന ബിസിനസ്സ് സാമ്രാജ്യമാണ്  ഫെറോറോ റോഷെ. ആഗോള ഹേസൽ നട്ട് ഉത്പാദനത്തിന്റെ 25 % ഫെറോറോ റോഷെ എന്ന കമ്പനിയാണ് ഉപയോഗിക്കുന്നത്. വ്യത്യസ്ത ചോക്ലേറ്റ് ഉത്പ്പന്നങ്ങൾ നിർമ്മിക്കാനുള്ള വൈദഗ്ധ്യവും, വിപണന തന്ത്രങ്ങളും മിക്കേലിനെ ചോക്ലേറ്റിന്റെ രാജാവ് ആക്കി മാറ്റി. ചോക്ലേറ്റിന്റെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന ഒരു പ്രതിമയും മിക്കെലിന്റേതായി ഇറ്റലിയിൽ ഉണ്ട്.