മുംബൈയിലെ അടല്‍ സേതു തുറന്നു നൽകി ഒരു മാസം പിന്നിടുമ്പോള്‍ ടോളിനത്തില്‍ പിരിഞ്ഞുകിട്ടിയത് 13.95 കോടി രൂപ. 8.13 ലക്ഷം വാഹനങ്ങളാണ് ഈ കാലയളവിൽ പാലത്തിലൂടെ കടന്നുപോയത്. അടൽ സേതു വഴി കടന്നുപോയ വാഹനങ്ങളില്‍ 7.97 ലക്ഷവും കാറുകളാണ്. ഒരു ദിവസം ശരാശരി 27,100 വാഹനങ്ങള്‍ പാലം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 12.11 ലക്ഷം രൂപയാണ് അടല്‍ കടല്‍പ്പാലത്തില്‍ നിന്നും വാഹനങ്ങൾക്കു സെൽഫി പിഴയായി ആകെ ലഭിച്ചത്. പാലത്തിൽ വാഹനങ്ങള്‍ നിര്‍ത്തുന്നത് നിരോധിച്ചിരിക്കെ പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തി സെല്‍ഫിയെടുത്തതിനാണ് പിഴ ചുമത്തിയത്.
ദിവസം ശരാശരി 40,000 വാഹനങ്ങള്‍ പാലം ഉപയോഗിക്കുമെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും അധികം വാണിജ്യ വാഹനങ്ങള്‍ പാലം ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. നിര്‍മാണത്തിലിരിക്കുന്ന സെവ്രി വര്‍ളി കണക്ടര്‍ ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ പാലത്തിലൂടെയുള്ള ഗതാഗതം കൂടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
പാലത്തിലൂടെ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് കാറിന് 250 രൂപയും ഇരു ഭാഗത്തേക്കുമായി 300 രൂപയുമാണ് ടോള്‍. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളെ പാലത്തിലേക്ക് കടക്കുന്നതിന് 25 മീറ്റര്‍ മുമ്പുതന്നെ തിരിച്ചറിയും. ഇങ്ങനെയുള്ള വാഹനങ്ങളെ ഓട്ടോമാറ്റിക് ബാരിക്കേഡ് തടഞ്ഞുനിര്‍ത്തി ചലാന്‍ നല്‍കും. പാലത്തില്‍ ഇപ്പോള്‍ രാത്രിയും പകലും പട്രോളിങ്ങുണ്ട്.