റബർ കർഷകർക്ക് പ്രതീക്ഷയേകി വിലയും ഡിമാൻഡും ഉയരുന്നു. എന്നാൽ ഡിമാൻഡിനൊത്ത ഉത്പാദനമില്ലാത്തതിനാൽ വിലക്കയറ്റത്തിൻ്റെ നേട്ടം കർഷകർക്ക് ലഭിക്കില്ല. 2023ൽ മൊത്ത ഉത്പാദനം 1.9 ശതമാനം കുറഞ്ഞുവെന്നാണ് കണക്ക്. പ്രധാന ഉത്പാദക രാജ്യങ്ങളായ തായ്‌ലൻഡ്, മലേഷ്യ, ഇൻഡോനേഷ്യ, വിയറ്റ്‌നാം, ചൈന എന്നിവിടങ്ങൾക്ക് പുറമേ ഇന്ത്യയിലും ഉത്പാദനം കുറഞ്ഞു.
2022-23ൽ ഇന്ത്യയിലെ മൊത്തം റബർ ഉത്പാദനം 8.50 ലക്ഷം ടണ്ണും ഉപഭോഗം 13.50 ലക്ഷം ടണ്ണുമായിരുന്നു. ഉപഭോഗത്തിനുള്ള ബാക്കി 5 ലക്ഷം ടൺ റബർ ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു. 8.75 ലക്ഷം ടൺ ഉത്പാദനവും, 14 ലക്ഷം ടൺ ഉപഭോഗവുമാണ് നടപ്പുവർഷം റബർ ബോർഡ് വിലയിരുത്തുന്നത്. ആർ.എസ്.എസ്-4 റബർ കിലോയ്ക്ക് 2022-23ൽ 156 രൂപയായിരുന്ന ശരാശരി വില നിലവിൽ 164.50 രൂപയാണ്. ഈ വർഷം മാർച്ച്-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയിലും വിദേശത്തും ഉത്പാദനം കുറഞ്ഞുനിൽക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. ഇത് വില വർധനവിന് ഇടയാക്കും.
എന്നാൽ ഉത്പാദനച്ചെലവ് പോലും തിരിച്ചുപിടിക്കാനാവാതെ പ്രതിസന്ധിയിലാണ് കേരളത്തിലെ റബർ കർഷകർ. റബറിന് 200-250 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്ര-സംസ്ഥാന ബജറ്റുകൾ പരിഗണിച്ചില്ല. സംസ്ഥാന ബജറ്റിൽ വിലസ്ഥിരതാ ഫണ്ട് പ്രകാരമുള്ള താങ്ങുവില 10 രൂപ മാത്രമാണ് വർധിപ്പിച്ചത്. കിലോയ്ക്ക് 170 രൂപയിൽ നിന്ന് 180 രൂപയാക്കി. വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളാണ് കേരളത്തേക്കാൾ നല്ലരീതിയിൽ ഇപ്പോൾ റബർ കൃഷി നടത്തുന്നത്. മുൻവർഷങ്ങളിൽ ഇന്ത്യയിലെ റബർ ഉത്പാദനത്തിൽ 90 ശതമാനവും കേരളത്തിലായിരുന്നെങ്കിൽ ഇപ്പോഴത് 70 ശതമാനത്തിലേക്ക് കുറഞ്ഞു.