ജോസഫ് സിറിള്‍ ബാംഫോര്‍ഡ്. പേര് കേൾക്കുമ്പോൾ വലിയ പരിചയം ഒന്നും തോന്നില്ലായിരിക്കും. പക്ഷേ, ഒട്ടുമിക്ക രാജ്യത്തെയും കൊച്ചു കുട്ടികള്‍ക്കു പോലും ഈ പേര് സുപരിചിതമാണ്. അവരുടെ ഇഷ്ട കളിപ്പാട്ടത്തിന് അദ്ദേഹത്തിന്റെ പേരാണ്, ജെ.സി.ബി. ജോസഫ് സിറിൾ ബാംഫോർഡ് എന്ന പേരിന്റെ ചുരുക്കെഴുത്താണ് ജെ.സി.ബി (JCB). 1945 ൽ ഇംഗ്ലണ്ടിലെ സ്‌റ്റാഫോർഡ് ഷെയറിൽ സ്ഥാപിതമായ ഈ കമ്പനി ഇന്ന് ഈ മേഖലയിലെ ഒന്നാം നിര ബ്രാൻഡാണ്. ജെസിബി എന്നത് ആ ഉപകരണത്തിന്റെ പേരല്ല, മറിച്ച് ബ്രാന്‍ഡ് നെയിം മാത്രമാണ്. ലോകമെമ്പാടുമുള്ള മണ്ണ് മാന്തി യന്ത്രങ്ങൾ നിര്‍മ്മിക്കുന്ന നിരവധി നിര്‍മ്മാതാക്കളില്‍ ഒന്ന് മാത്രമാണ് ജെ.സി.ബി. പക്ഷേ ബ്രാന്‍ഡിന്റെ പേരു തന്നെ ഉത്പന്നത്തിന്റെ പര്യായമായി മാറിയ അപൂര്‍വ്വകഥയാണ് ജെ.സി.ബി മനുഷ്യന്റേത്.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഉപയോഗശൂന്യമായി കിടന്ന വാഹനങ്ങളുടെ ഘടകങ്ങൾ ഉപയോഗിച്ച് കർഷകർക്ക് ഉപകരിക്കുന്ന ഉപകരണങ്ങൾ നിർമിക്കുകയായിരുന്നു ബാംഫോര്‍ഡിന്റെ ലക്ഷ്യം. അങ്ങനെ ഒരു ചെറിയ ഗാരേജില്‍ കാര്‍ഷിക ട്രെയിലറുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. നിലമൊരുക്കുന്നതു മുതല്‍ വിള കൊയ്‌തെടുക്കും വരെയുള്ള പ്രവര്‍ത്തികള്‍ യന്ത്രവത്കരിക്കുകയായിരുന്നു ലക്ഷ്യം. യുദ്ധത്തിന്റെ അനന്തരഫലങ്ങളില്‍ നിന്ന് കരകയറുന്ന യുകെയിലെ കാര്‍ഷിക വിപണിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1948-ല്‍ അദ്ദേഹം ഹൈഡ്രോളിക്‌സ് സംവിധാനത്തോടെ ഉത്പന്നത്തെ വൈവിധ്യവത്കരിച്ചു, അത് വിജയകരമായ മാറ്റമായിരുന്നു. യുദ്ധാനന്തര കാര്‍ഷിക കുതിപ്പില്‍ യൂറോപ്പിന്റെ മുന്‍നിരയായി മാറിയ യൂറോപ്യന്‍ ഹൈഡ്രോളിക് ലോഡര്‍ പുറത്തിറക്കിയ ആദ്യത്തെ കമ്പനിയായി മാറി ജെ.സി.ബി.
ഡബിള്‍ ആക്ടിംഗ് റാമുകളും വൈവിധ്യമാര്‍ന്ന അറ്റാച്ച്മെന്റുകളും കൊണ്ട് സജ്ജീകരിച്ച ലോഡര്‍ കൃഷിയുടെ വളര്‍ച്ചയിലേക്ക് നയിച്ചു. 1953-ല്‍ കമ്പനി അതിന്റെ ആദ്യത്തെ എക്സ്‌കവേറ്റര്‍ അഥവാ ബാക്ക്ഹോ പുറത്തിറക്കി. കേവലം ആറ് സഹപ്രവർത്തകർക്കൊപ്പം ഒരു ചെറിയ വാടകക്കെട്ടിടത്തിൽ ആരംഭിച്ച ജെ.സി.ബി കമ്പനി ഇന്ന് മുന്നൂറിലേറെ ഉത്പന്നങ്ങളുമായി 150ൽ ഏറെ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഇന്ത്യയിലും ജെ.സി.ബിക്ക് ഉത്പാദന യൂണിറ്റുകളുണ്ട്. ഇന്ത്യയിൽ നിർമിക്കുന്ന ജെ.സി.ബി ഉത്പന്നങ്ങൾ അൻപതിലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്.
ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ച് മികവുറ്റ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്ന കാര്യത്തിൽ ബാംഫോര്‍ഡ് ശ്രദ്ധാലു ആയിരുന്നു. കഠിന പരിശ്രമത്തിലൂടെയല്ലാതെ ജീവിതവിജയം കൈവരിക്കാൻ കഴിയില്ല എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം രാവിലെ 9 മണി മുതൽ രാത്രി 11.30 വരെ ജോലി ചെയ്യുന്ന ശീലം പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതം മറ്റുള്ളവർക്ക് ഒരു മാതൃകയായിരുന്നു. ഒരിക്കൽപോലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാതിരുന്ന ബാംഫോർഡ് ആരോഗ്യത്തോടെയുള്ള ജീവിതശൈലി അവലംബിക്കാൻ തന്റെ തൊഴിലാളികൾക്കും പ്രേരണ നൽകി. ഏക്കറുകളോളം പരന്നുകിടന്നിരുന്ന ഫാക്‌ടറി പരിസരത്ത് തൊഴിലാളികൾക്കു കായിക വിനോദത്തിന് അവസരമൊരുക്കി അവരെ കൂടുതൽ കർമോത്സുകരാക്കി. ഇംഗ്ലണ്ടിൽ പൊതുവെ തൊഴിൽ സമരങ്ങളുണ്ടായിരുന്ന കാലത്ത് ജെ.സി.ബി. കമ്പനിയിൽ ഒരു സമരം പോലും ഉണ്ടായില്ല. തൊഴിലാളികൾക്ക് മാന്യമായ വേതനവും ജീവിതസാഹചര്യങ്ങളും ഒരുക്കിക്കൊണ്ട് അവരെ കൂടുതൽ ഉത്പാദനക്ഷമതയുള്ളവരാക്കി മാറ്റുന്നതായിരുന്നു ബാംഫോര്‍ഡിന്റെ ശൈലി.
ജെസിബി എന്നത് ഒരു കമ്പനിയുടെ പേര് എന്നതിനെക്കാളുപരി ഒരു ഉത്പന്നത്തിന്റെ പര്യായമായി മാറി. ഓക്സ്ഫോഡ് ഇംഗ്ലിഷ് ഡിക്‌ഷനറിയിൽ മണ്ണ് നീക്കം ചെയ്യുന്ന യന്ത്രത്തിന്റെ പേരായാണ് ജെസിബി നൽകിയിരിയ്ക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പോലും ഇന്ന് ജെ.സി.ബിക്ക് വലിയ സ്ഥാനമുണ്ട്. യുപിയില്‍ തിരഞ്ഞെടുപ്പില്‍ പോലും ജെ.സി.ബിയുടെ ചിത്രം പ്രചാരണ ആയുധമായി. ജെ.സി.ബി ഒരേസമയം രാഷ്ട്രീയ നിശ്ചയദാര്‍ഢ്യത്തിന്റേയും കൈയേറ്റമൊഴിപ്പിക്കലിന്റെയും പര്യായമായി. രാഷ്ട്രീയമായ കരുത്തു പ്രകടിപ്പിക്കുന്നതിനൊപ്പം അനധികൃത നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും പൊളിക്കാന്‍ ജെ.സി.ബി ഉപയോഗിച്ചു. അങ്ങനെ ഒരു ശിക്ഷാ യന്ത്രമായും ജെസിബി മാറ്റപ്പെട്ടു. വ്യത്യസ്‌തമായ ഒരു വ്യവസായ സംസ്‌കാരത്തിന് തുടക്കംകുറിച്ച ജോസഫ് സിറിൾ ബാംഫോർഡ് 2001 മാർച്ച് ഒന്നിന് ഈ ലോകത്തോട് വിടപറഞ്ഞു.