സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവു കുറയ്ക്കുന്നതിനായി ബംഗളൂരുവിലെ നാല് ലക്ഷം ചതുരശ്ര അടിയുള്ള ഓഫീസ് കെട്ടിടം ഒഴിയാനൊരുങ്ങി എഡ്‌ടെക് സ്ഥാപനമായ ബൈജൂസ്. പ്രസ്റ്റീജ് ടെക് പാർക്കിലുള്ള ഓഫീസിൻ്റെ പാട്ടക്കരാർ ഈ വർഷം ആദ്യം റദ്ദാക്കിയിരുന്നു. ഡെപ്പോസിറ്റ് തുക വാടക കുടിശിക നൽകാൻ ഉപയോഗിക്കും. മാസം നാല് കോടി രൂപ വാടകയ്ക്കാണ് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ മൂന്നര വർഷം മുമ്പ് പ്രസ്റ്റീജ് ഗ്രൂപ്പുമായി പാട്ടക്കരാർ ഒപ്പുവച്ചത്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നിലവിലുള്ള നിക്ഷേപകരിൽ നിന്ന് 2,500 കോടി രൂപ സമാഹരിക്കുന്നതിനായി അവകാശ ഓഹരി വിൽപ്പന നടക്കുന്നതിനിടെയാണ് പുതിയ നീക്കം. നിക്ഷേപകരിൽ നിന്ന് അവകാശ ഓഹരി വിൽപ്പനയ്ക്ക് 100 ശതമാനം സബ്‌സ്ക്രിപ്ഷൻ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനം വരെയാണ് അവകാശ ഓഹരി വിൽപ്പന.
അതേസമയം ബൈജൂസിൻ്റെ നേതൃത്വത്തിൽ നിന്ന് സ്ഥാപകനായ ബൈജു രവീന്ദ്രനെയും ഡയറക്ടർ ബോർഡിലെ മറ്റംഗങ്ങളായ ദിവ്യ ഗോകുൽനാഥ്, റിജു രവീന്ദ്രൻ എന്നിവരെയും പുറത്താക്കി കമ്പനിയുടെ ബോർഡ് പുനഃസംഘടിപ്പിക്കാൻ ഓഹരി ഉടമകൾ വോട്ടിംഗ് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഫെബ്രുവരി 23നാണ് അസാധാരണ പൊതുയോഗം വിളിച്ചിരിക്കുന്നത്.