നടപടി കടുപ്പിച്ച് ഇ.ഡി:ബൈജു രവീന്ദ്രൻ രാജ്യം വിടാതിരിക്കാന്‍ പുതിയ ലുക്ക് ഔട്ട് നോട്ടീസിന് നിര്‍ദേശം

0
123

പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപക സി.ഇ.ഒ ആയ ബൈജു രവീന്ദ്രനെതിരെ കടുത്ത നടപടികൾക്കൊരുങ്ങി എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. ബൈജു രവീന്ദ്രൻ രാജ്യം വിടാതിരിക്കാൻ പുതിയ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ ബ്യൂറോ ഓഫ് ഇമ്മിഗ്രേഷനോട് ഇ.ഡി നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. ഇ.ഡിയുടെ നിർദേശപ്രകാരം നിലവിൽ ബൈജുവിനെതിരെ ലുക്ക് ഔട്ട് സർക്കുലറുണ്ട്. ഒന്നര വർഷം മുമ്പ് കൊച്ചിയിലെ ഇ.ഡി ഓഫീസിന്റെ നിർദേശ പ്രകാരമായിരുന്നു സർക്കുലർ ഇറക്കിയത്. അന്വേഷണച്ചുമതല പിന്നീട് ഇ.ഡിയുടെ ബംഗളൂരു ഓഫീസിന് കൈമാറി.

വിദേശ നാണയ വിനിമയ ചട്ടം (FEMA) ലംഘിച്ചത് സംബന്ധിച്ച അന്വേഷണമാണ് ബൈജൂസിനെതിരെ ഇ.ഡി നടത്തുന്നത്. കഴിഞ്ഞവർഷം ഏപ്രിലിൽ ബൈജൂസിൻ്റെ ഓഫീസുകളിലും മറ്റും ഇ.ഡി റെയ്‌ഡും നടത്തിയിരുന്നു. വിദേശ പണമിടപാടുകൾ സംബന്ധിച്ച രേഖകൾ സമർപ്പിക്കാൻ ബൈജൂസിന് സാധിച്ചിട്ടില്ലെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.

ബൈജു രവീന്ദ്രൻ നിലവിൽ ദുബായിലാണെന്നാണ് റിപ്പോർട്ട്. ബൈജൂസിലെ നിക്ഷേപകരുടെ താത്പര്യം പരിഗണിച്ചാണ് പുതിയ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനുള്ള ഇ.ഡിയുടെ ശ്രമം. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയാൽ ബൈജു രവീന്ദ്രന് പിന്നീട് രാജ്യം വിടാൻ പ്രയാസമായിരിക്കുമെന്നാണ് ഇ.ഡിയുടെ നീക്കങ്ങൾ വ്യക്തമാക്കുന്നത്.