ചെറു സമ്പാദ്യ പദ്ധതികളിൽ മിനിമം ബാലൻസ് നിർബന്ധം:ഇല്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്ന് കേന്ദ്രം

0
135

പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്, സുകന്യ സമൃദ്ധി യോജന, നാഷണൽ പെൻഷൻ സ്‌കീം എന്നിവയിലെ നിക്ഷേപകർ എല്ലാ സാമ്പത്തിക വർഷവും തങ്ങളുടെ അക്കൗണ്ടുകളിൽ മിനിമം തുക നിക്ഷേപിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന നിർദ്ദേശവുമായി കേന്ദ്രം. ഈ അക്കൗണ്ടുകൾ സജീവമായി നിലനിൽക്കണമെങ്കിൽ ഏറ്റവും കുറഞ്ഞ വാർഷിക നിക്ഷേപം നടത്തണമെന്ന നിയമം പാലിക്കണം. നിയമലംഘനമുണ്ടായാൽ അക്കൗണ്ട് മരവിപ്പിക്കുകയോ പിഴ ചുമത്തുകയോ ചെയ്യും. നടപ്പ് സാമ്പത്തിക വർഷം ഈ അക്കൗണ്ടുകളിൽ മിനിമം നിക്ഷേപം നടത്താനുള്ള അവസാന തീയതി 2024 മാർച്ച് 31 ആണ്.

പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപ നിക്ഷേപിക്കണം. ഈ തുക അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ അക്കൗണ്ട് പ്രവർത്തനരഹിതമാകും. അക്കൗണ്ട് പ്രവർത്തന രഹിതമായാൽ വായ്‌പയെടുക്കാനോ പണം പിൻവലിക്കാനോ സാധിക്കില്ല. 

സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ എല്ലാ സാമ്പത്തിക വർഷവും കുറഞ്ഞത് 250 രൂപ നിക്ഷേപിക്കണം. പെൺമക്കളുടെ ഉന്നത വിദ്യാഭ്യാസം, വിദേശ പഠനം, വിവാഹം എന്നിവയ്ക്കായി ഭാവിയിലേക്ക് പണം കരുതി വയ്ക്കാനാഗ്രഹിക്കുന്നവർക്കുളള പദ്ധതിയാണിത്. 15 വർഷമാണ് അക്കൗണ്ടിൽ നിക്ഷേപം നടത്താനാകുക. പെൺകുട്ടിക്ക് 18 വയസാകുമ്പോൾ മെച്യൂരിറ്റി തുകയുടെ 50 ശതമാനം പിൻവലിക്കാം. ബാക്കിയുള്ള തുക പെൺകുട്ടിക്ക് 21 വയസാകുമ്പോൾ പിൻവലിക്കാം.