100 കോടി രൂപ വിലയുള്ള എയർബസ് എച്ച് 145 ഹെലികോപ്റ്റർ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരൻ. രാജ്യത്തെ സമ്പന്നരിൽ തന്നെ പ്രമുഖനായ മലയാളി. മലയാളികൾക്ക് ഏറെ പരിചിതനായ രവി പിള്ള. വളരെക്കാലത്തെ പരിശ്രമം കൊണ്ട് RP ഗ്രൂപ്പ് എന്ന സാമ്രാജ്യം കെട്ടിപ്പടുത്ത രവി പിള്ളയുടെ കഥയാണിത്.
വളരെയധികം കഷ്‌ടപ്പാടുകൾ നിറഞ്ഞ ജീവിതമായിരുന്നു രവി പിള്ളയുടേത്. കൊല്ലം ജില്ലയിലെ ഒരു സാധാരണ കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചതെങ്കിലും തൻ്റെ വിദ്യാഭ്യാസത്തിൽ അദ്ദേഹം യാതൊരു വിട്ടുവീഴ്ചയും ചെയ്‌തില്ല. കൊച്ചി സർവ്വകലാശാലയിൽ നിന്ന് ബിസിനസ് അഡ്‌മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടി. പഠന കാലത്ത്, കടം വാങ്ങിയ പണം ഉപയോഗിച്ച് കൊല്ലത്ത് ഒരു ചിട്ടി ഫണ്ട് രൂപീകരിച്ച് ആയിരുന്നു ബിസിനസിലേയ്ക്കുള്ള ചുവടുവെയ്പ്പ്. എന്നാൽ ആദ്യ കമ്പനി വൻ പരാജയമായിരുന്നു. പിന്നീട് എഞ്ചിനീയറിംഗ് കരാർ ജോലികൾ ഏറ്റെടുക്കുന്ന ബിസിനസ് ആരംഭിച്ചു. എന്നാൽ ഒരു തൊഴിൽ സമരം മൂലം കേരളത്തിലെ ബിസിനസ് അടച്ചുപൂട്ടേണ്ടി വന്നു. എന്നാൽ ആ തകർച്ചയിൽ നിന്നും ഉയർത്തെഴുന്നേറ്റ രവി 1978 ൽ സൗദി അറേബ്യയിലേക്ക് പോയി. അക്കോബാർ എന്ന സ്ഥലത്ത് കൺസ്ട്രക്ഷൻ കമ്പനി ആരംഭിച്ചു. ആദ്യം ലഭിച്ചത് മിലിട്ടറി വർക്കാണ്. 150 ആളുകളെക്കൂട്ടി ജോലി ആരംഭിച്ചു. പിന്നാലെ റോയൽ എയർപോർട്ട് ടെർമിനലിന്റെ വർക്ക് ലഭിച്ചു. പിന്നീട് പെട്രോകെമിക്കൽ പ്രോജക്ടുകൾ. ആ ജൈത്രയാത്ര ഇന്നും തുടരുന്നു. ഇന്ന് 70,000 നിർമാണ തൊഴിലാളികളാണ് ആർ പി ഗ്രൂപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്.
യുഎഇ, ഖത്തർ, ബഹ്‌റൈൻ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന് കൺസ്ട്രക്ഷൻ രംഗത്ത് മാത്രമല്ല ഹോസ്പിറ്റാലിറ്റി, സ്റ്റീൽ, സിമന്റ് തുടങ്ങി വിവിധ മേഖലകളിൽ ബിസിനസുണ്ട്. മിഡിൽ ഈസ്റ്റിൽ ഇന്ത്യൻ തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ ജോലി നൽകുന്ന സ്ഥാപനമാണ് ആർ.പി ഗ്രൂപ്പ്. കേരളത്തിലെ തന്നെ പ്രസിദ്ധമായ ആഡംബര ഹോട്ടലുകളായ ദി റാവിസ് അഷ്‌ടമുടി, ദി റാവിസ് കോവളം, ദി റാവിസ് കടവ് തുടങ്ങി നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകൾ രവി പിള്ളയുടെ സ്വന്തമാണ്. കേരളത്തിലെന്നല്ല ലോകമൊട്ടാകെ സ്വന്തമായി വീടുകൾ ഉള്ളയാളാണ് രവി പിള്ള. ഓഹരി നിക്ഷേപങ്ങളിലും അദ്ദേഹം മുൻപന്തിയിലുണ്ട്. ബാങ്ക്, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലാണ് രവി പിള്ള കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നത്.
കഠിനാധ്വാനം. അർപ്പണ മനോഭാവം. ഈശ്വാനുഗ്രഹം, ഇവയാണ് തൻ്റെ വിജയരഹസ്യമെന്നു രവിപിള്ള ഉറച്ചുവിശ്വസിക്കുന്നു. ബിസിനസ്സിൽ മാത്രമല്ല ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. 2008 ൽ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ചിരുന്നു. 2010 ൽ പദ്മശ്രീയും രവി പിള്ളയെ തേടിയെത്തി. യുഎസിലെ ന്യൂയോർക്കിലെ എക്സൽസിയർ കോളേജിൽ നിന്ന് ഡോക്ടറൽ ബിരുദം നേടിയ ഇദ്ദേഹം ഡോക്ടർ രവി പിള്ളയുമായി.