ചാറ്റ് ജിപിടിക്ക് സമാനമായ സേവനങ്ങൾ നൽകുന്ന എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാൻ റിലയൻസ്. ‘ഹനുമാൻ'(Hanooman) എന്നാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മോഡലിന് പേരിട്ടിരിക്കുന്നത്. ഭാരത് ജിപിടി എന്നും അറിയപ്പെടുന്ന ഹനുമാൻ അടുത്ത മാസത്തോടെ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്.
ഐഐടി ബോംബെ അടക്കമുള്ള എട്ട് ഐഐടികളുമായി സഹകരിച്ചാണ് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ എഐ മോഡലിന് 11 ഭാഷകളിൽ സംവദിക്കാനാകും. ഉപയോക്താക്കളെ കോഡ് എഴുതാനും ഈ മോഡൽ സഹായിക്കും. ഭരണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, സാമ്പത്തിക സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന നാല് മേഖലകളിലാണ് ഹനുമാൻ എഐ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മുംബൈയിൽ നടന്ന ടെക്നോളജി കോൺഫറൻസിൽ ഭാരത് ജിപിടി ഗ്രൂപ്പ് ഹനുമാന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ഹനുമാൻ ഉപയോഗിച്ച് ഒരു കർഷകൻ തമിഴിൽ ചോദിക്കുന്ന സംശയങ്ങൾക്ക് ബാങ്ക് ജീവനക്കാരൻ ഹിന്ദിയിൽ മറുപടി പറയുകയും ഹൈദരാബാദിലെ ഡെവലപ്പർ അത് തെലുങ്കിൽ കോഡാക്കി മാറ്റുകയും ചെയ്യുന്നതാണ് വീഡിയോ. നിലവിലെ പല ലാംഗ്വേജ് മോഡലുകളെയും പോലെ ടെക്സ്റ്റ് സേവനങ്ങൾ മാത്രമല്ല ടെക്സ്റ്റ്, സ്പീച്ച്, വീഡിയോ എന്നിങ്ങനെ വിവിധ ഫോർമാറ്റുകളിൽ ഹനുമാൻ ലഭ്യമായിരിക്കും.
വിജയിച്ചാൽ എഐ സാങ്കേതിക വിദ്യയിൽ രാജ്യത്തിന് വലിയ മുന്നേറ്റമായിരിക്കും ഹനുമാൻ നേടി കൊടുക്കുക. ലൈറ്റ്സ്പീഡ് വെഞ്ച്വർ പാർട്ണേഴ്സ്, തുടങ്ങിയ സ്റ്റാർട്ടപ്പുകളും ഇന്ത്യയ്ക്കായി ഓപ്പൺ സോഴ്സ് എഐ മോഡലുകൾ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്.