പുതിയ അപകട ഇൻഷുറൻസ് പദ്ധതികളുമായി തപാൽ വകുപ്പ്. ഒറ്റത്തവണ 755 രൂപ അടച്ചാൽ 15 ലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്നതുൾപ്പെടെയുള്ള മൂന്ന് പദ്ധതികളാണ് അവതരിപ്പിച്ചത്. കുറഞ്ഞ പ്രീമിയം തുകയിൽ കൂടുതൽ നേട്ടം ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതികൾ വ്യാപകമാക്കുന്നതിൻ്റെ ഭാഗമായാണ് അഞ്ച് ലക്ഷം, പത്ത് ലക്ഷം, 15 ലക്ഷം എന്നിങ്ങനെ പരിരക്ഷ ഉറപ്പു നൽകുന്ന അപകട ഇൻഷുറൻസ് പോളിസികൾ തപാൽ വകുപ്പ് ആരംഭിച്ചത്.
അപകട ഇൻഷുറൻസ് പദ്ധതികളാണെങ്കിലും എല്ലാ രോഗങ്ങൾക്കും ഇവ വഴി നിശ്ചിത പരിധിക്കുള്ളിൽ സഹായം ലഭിക്കും. പ്രസവത്തിനും ഈ പദ്ധതി വഴി ഇൻഷുറൻസ് ലഭിക്കും. 755 രൂപ ഒറ്റത്തവണ അടയ്ക്കുന്ന പദ്ധതിയിൽ പോളിസി ഉടമ മരിക്കുകയോ പൂർണമായോ ഭാഗികമായോ വൈകല്യം സംഭവിക്കുകയോ ചെയ്‌താൽ മുഴുവൻ തുകയായ 15 ലക്ഷം രൂപയും ലഭിക്കും. 355 രൂപയുടെ പോളിസിയിൽ 5 ലക്ഷം രൂപയുടെ പരിരക്ഷയും, 555 രൂപയുടെ പോളിസിയിൽ 10 ലക്ഷം രൂപയുടെ പരിരക്ഷയും ലഭിക്കും. പോളിസി ഉടമ മരിക്കുകയോ പൂർണമായ വൈകല്യം സംഭവിക്കുകയോ ചെയ്‌താലാണ് മുഴുവൻ തുകയും ലഭിക്കുന്നത്.
തപാൽ വകുപ്പിൻ്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്ക് ഉപഭോക്താക്കൾക്കാണ് പോളിസിയിൽ ചേരാൻ സാധിക്കുക. ഏതെങ്കിലും പോസ്റ്റ് ഓഫീസിൽ ചെന്ന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്റ്സ് ബാങ്ക് അക്കൗണ്ട് തുറന്ന് പദ്ധതിയിൽ ചേരാം. ഇതൊരു സീറോ ബാലൻസ് അക്കൗണ്ടാണ്. ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകൾ നൽകിയാണ് അക്കൗണ്ട് തുടങ്ങേണ്ടത്. 18 മുതൽ 65 വയസുവരെയുള്ള ആർക്കും പദ്ധതിയിൽ ചേരാവുന്നതാണ്.
അപകടം മൂലം ആശുപത്രിയിൽ അഡ്‌മിറ്റായാൽ ഒരു ലക്ഷം രൂപ വരെ ക്ലെയിം ലഭിക്കും. 15 ദിവസത്തിനുള്ള ആശുപത്രി വാസത്തിന് 1,000 രൂപയും, ഐ.സി.യുവിന് 2,000 രൂപയാണ് ദിവസേന ലഭിക്കുന്നത്. കൂടാതെ പോളിസി ഉടമയുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ ഒരു ലക്ഷം രൂപ വേറെയും ലഭിക്കും. സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ, വാർഷിക ആരോഗ്യ പരിശോധന, ആശ്രിതരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ, യോഗ്യരായ കുട്ടികളുടെ വിവാഹച്ചെലവ്, 30,000 രൂപ വരെ ഔട്ട് പേഷ്യൻ്റ് ആനുക്യലങ്ങൾ എന്നിവയാണ് പോളിസിയുടെ മറ്റ് സവിശേഷതകൾ. പോളിസി എടുത്ത് 15 ദിവസം മുതലാണ് കവറേജ് ലഭിക്കുന്നത്. നേരത്തെയുള്ള രോഗങ്ങൾക്കുള്ള കവറേജ് 45 ദിവസം മുതലാണ് ലഭിക്കുക. ക്ലെയിമിനുള്ള അപേക്ഷ പോസ്റ്റ് ഓഫീസുകളിൽ സമർപ്പിച്ചാൽ മതി.