ദേശീയ പെൻഷൻ സ്‌കീം അക്കൗണ്ടിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കി പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ. ഏപ്രിൽ ഒന്നു മുതൽ ഡബിൾ വെരിഫിക്കേഷന് ശേഷം മാത്രമേ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കൂ. അതായത് രണ്ട് ഘട്ടത്തിലൂടെ പരിശോധന പൂർത്തിയാക്കണം. ഇതിനായി, സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസി (സിആർഎ) സംവിധാനത്തിലേക്ക് ലോഗിൻ ചെയ്യുന്നതിന് കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എൻപിഎസ് അംഗങ്ങളുടെ താൽപര്യം കണക്കിലെടുത്താണ് പുതിയ സംവിധാനം.
വെബ് അധിഷ്‌ഠിത പ്ലാറ്റ്‌ഫോമായ, സിആർഎ സംവിധാനത്തിലേക്ക് ലോഗിൻ ചെയ്യാൻ ഇപ്പോൾ രണ്ട് ഘട്ട പരിശോധന നടത്തണം. നിലവിൽ എൻപിഎസ് അംഗങ്ങൾക്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ ഒരു യൂസർ ഐഡിയും പാസ്‌വേഡും ആവശ്യമാണ്. അക്കൗണ്ടിലെ മാറ്റങ്ങളും പിൻവലിക്കലുകളും ഇവയിലൂടെ മാത്രമേ സാധ്യമാകൂ. നിലവിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നോഡൽ ഓഫീസർമാർ സിആർഎ ലോഗിൻ ചെയ്യുന്നതിന് പാസ്‌വേഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇത് കൂടുതൽ സുരക്ഷിതമാക്കാൻ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധനയുമായി ബന്ധിപ്പിക്കും.
പിഎഫ്ആർഡിഎ നൽകുന്ന വിവരം അനുസരിച്ച് ആധാർ അടിസ്ഥാനമാക്കിയുള്ള ലോഗിൻ വെരിഫിക്കേഷൻ എൻപിഎസ് അംഗത്തിൻ്റെ ഉപയോക്തൃ ഐഡിയുമായി ബന്ധിപ്പിക്കും. ഇതിന് ശേഷം ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി നൽകി എൻപിഎസ് അക്കൗണ്ട് ലോഗിൻ ചെയ്യാം.


