ഫോഡ് വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നു:ടാറ്റയുമായി കൂട്ടുകെട്ടിന് സാധ്യത 

0
196

ആഗോള വാഹന നിർമാതാക്കളായ ഫോഡ് മോട്ടോർ ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. ഹൈബ്രിഡ്, വൈദ്യുത വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ കാറുകൾ നിർമ്മിക്കുന്നതിന് കമ്പനി ചെന്നൈയിലെ നിർമ്മാണ കേന്ദ്രം ഉപയോഗിച്ചേക്കുമെന്നാണ് സൂചന. ആഗോളതലത്തിൽ എസ്.യു.വി (സ്പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ) വിഭാഗത്തിൽ ശക്തമായ ഫോഡ് ഹൈബ്രിഡ്, ഇ.വി വിഭാഗങ്ങളിലും ശക്തമായി ഉയർന്നു വരുന്നുണ്ട്. ഇന്ത്യയിലും ഇത് തന്നെ കൊണ്ടുവരാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

ഇന്ത്യയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിൻ്റെ ഭാഗമായി ടാറ്റ ഗ്രൂപ്പുമായി സഹകരിക്കാൻ ഫോഡ് മോട്ടോർ ചർച്ചകൾ നടത്തുന്നതായും റിപ്പോർട്ടുണ്ട്. ചരക്കു നീക്കത്തിന് പ്രയോജനകരമായതിനാൽ, ഏഷ്യാ പസഫിക് മേഖലയുടെ കയറ്റുമതി കേന്ദ്രമായി ഇന്ത്യയിലെ പ്രാദേശിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും ഫോഡ് പദ്ധതിയിടുന്നുണ്ട്.

ചെന്നൈ നിർമ്മാണ പ്ലാൻ്റ് ജെ.എസ്.ഡബ്ല്യുവിന് വിൽക്കാനുള്ള കരാർ 2023 ഡിസംബറിൽ ഫോഡ് അവസാനിപ്പിച്ചിരുന്നു. അതേസമയം ഫോഡ് ഇന്ത്യയുടെ ഗുജറാത്ത് പ്ലാൻ്റ് ടാറ്റ മോട്ടോഴ്‌സിന് വിൽക്കുകയും ചെയ്തു. 2021 സെപ്റ്റംബറിലാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഫോഡ് തീരുമാനിച്ചത്.