പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിർത്തിച്ച് സുപ്രീം കോടതി:കേന്ദ്രത്തിനെതിരെയും രൂക്ഷ വിമർശനം 

0
634

പതഞ്ജലി ആയുർവേദയ്ക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. രോഗം ശമിപ്പിക്കും എന്നതടക്കമുള്ള  തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ നിർത്തിവയ്ക്കാനും കോടതി ആവശ്യപ്പെട്ടു. പതഞ്ജലിയുടെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്‌ണയ്ക്കെതിരെ സുപ്രിം കോടതി കോടതിയലക്ഷ്യ നോട്ടീസുമയച്ചിട്ടുണ്ട്. തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾ നൽകരുതെന്നും തെറ്റിദ്ധാരണ പരത്തുന്ന ഓരോ പരസ്യത്തിനും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്നും കഴിഞ്ഞ നവംബറിൽ സുപ്രീം കോടതി പതഞ്ജലിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും തെറ്റായ പരസ്യങ്ങൾ നൽകുന്നത് കോടതിയെ വെല്ലുവിളിക്കലാണെന്ന് പറഞ്ഞ കോടതി കേന്ദ്ര സർക്കാരിനെയും വിമർശിച്ചു.

തെറ്റായ പരസ്യങ്ങൾ നൽകിയിട്ടും രണ്ട് വർഷമായി കേന്ദ്രം ഒരു നടപടിയും സ്വീകരിക്കുന്നില്ല. സർക്കാർ കണ്ണടച്ചിരിക്കുന്നത് നിർഭാഗ്യകരമാണെന്നും, സർക്കാർ അടിയന്തര നടപടിയെടുത്തേ മതിയാകൂവെന്നും ജസ്റ്റിസ് ഹേമ കോഹ്ലി, ജസ്റ്റിസ് അഷാനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് കുറ്റപ്പെടുത്തി. 1954-ലെ ഡ്രഗ്‌സ് ആൻ്റ് മാജിക് റെമഡീസ് ആക്റ്റിൽ പറയുന്ന രോഗങ്ങളും ആരോഗ്യ പ്രശ്നങ്ങളും സുഖപ്പെടുത്തും എന്ന് അവകാശപ്പെടുന്ന മരുന്നുകളുടെയും മെഡിക്കൽ ഉത്പന്നങ്ങളുടെയും പരസ്യം നൽകുന്നത് നിർത്തിവയ്ക്കാനാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

പതഞ്ജലി ഉത്പന്നങ്ങള്‍ക്കതിരെ ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ (ഐ.എം.എ) നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദേശം. പതഞ്ജലിയുടെ ഉത്പന്നങ്ങൾക്ക് ചില ഗുരുതര രോഗങ്ങൾ ഭേദമാക്കാനുള്ള കഴിവുണ്ടെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. കോടതിയെ വിമർശിച്ച് ബാബാ രാംദേവ് വാർത്താസമ്മേളനം നടത്തിയെന്നും രോഗശമനം വരുത്തിയെന്ന് വീണ്ടും അവകാശവാദം ഉന്നയിച്ചെന്നും ഐ.എം.ഐയുടെ അഭിഭാഷകൻ വാദിച്ചു.