നടപ്പു സാമ്പത്തിക വർഷം (2023-2024) ജനുവരി വരെ ചെറു സമ്പാദ്യ പദ്ധതികൾ വഴി കേന്ദ്ര സർക്കാർ സമാഹരിച്ചത് 2.76 ലക്ഷം കോടി രൂപയുടെ നിക്ഷേപം. ഈ സാമ്പത്തിക വർഷം ലക്ഷ്യമിട്ട നിക്ഷേപത്തിന്റെ 64 ശതമാനം വരുമിത്. നടപ്പു വർഷം ചെറു സമ്പാദ്യ പദ്ധതികൾ വഴി 4.37 ലക്ഷം കോടി രൂപ കണ്ടെത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ പത്ത് മാസക്കാലയളവിൽ 1.91 ലക്ഷം കോടി രൂപയായിരുന്നു പദ്ധതി വഴി സമാഹരിച്ചത്. നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (എൻ.എസ്.സി), പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി.പി.എഫ്), കിസാൻ വികാസ് പത്ര (കെ.വി.പി), പെൺകുട്ടികളുടെ പേരിൽ നിക്ഷേപിക്കാവുന്ന സുകന്യ സമൃദ്ധി യോജന എന്നിങ്ങനെ 12 പദ്ധതികളാണ് ചെറു സമ്പാദ്യ പദ്ധതികളിൽ ഉൾപ്പെടുന്നത്.
മുതിർന്ന പൗരന്മാർക്കുള്ള സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്കീമാണ് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ നിക്ഷേപം ആകർഷിച്ചത്. കഴിഞ്ഞ വർഷം 37,362 കോടി രൂപ നിക്ഷേപമെത്തിയിടത്ത് ഇക്കുറി 90,000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. 140 ശതമാനമാണ് വളർച്ച. മാർച്ച് 31 വരെയുള്ള പാദത്തിൽ 8.2 ശതമാനമാണ് പദ്ധതിയുടെ പലിശ. 60 വയസിനു മുകളിൽ പ്രായമായ വ്യക്തികൾക്കായുള്ള ഈ പദ്ധതിയിൽ 1000 രൂപ മുതൽ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
മന്ത്ലി ഇൻകം സ്‌കീമിലേക്കെത്തിയ നിക്ഷേപങ്ങളിൽ നാല് മടങ്ങ് വളർച്ചയാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. മുൻ വർഷത്തെ സമാന കാലയളവിൽ 5,000 കോടി രൂപയായിരുന്ന നിക്ഷേപം ഇത്തവണ 20,000 കോടി രൂപയായി. മാസ വരുമാനം ലക്ഷ്യമിടുന്നവർക്കായുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണിത്. ഒരാളുടെ പേരിൽ പരമാവധി 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. നടപ്പ് സാമ്പത്തിക വർഷം ആദ്യമായി അവതരിപ്പിച്ച മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ 19,000 കോടി രൂപയാണ് ഇതു വരെ നിക്ഷേപമായെത്തിയത്. വനിതകൾക്ക് ഒറ്റത്തവണയായി രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാനാകുന്ന പദ്ധതിയാണിത്. 7.5 ശതമാനമാണ് പലിശ നിരക്ക്.