തെലങ്കാന ബൊമ്മലു.. പ്രേമിക്കുടൂ എന്ന പാട്ടിൽ നസ്‌ലിനും മമിതയും ചീറിപാഞ്ഞുപോകുന്ന ചുവപ്പ് നിറത്തിലുള്ള ഒരു സ്റ്റൈലൻ സ്‌കൂട്ടര്‍. രൂപം കൊണ്ട് മനംകവർന്ന ഇൻഡി എന്ന ഇലക്ട്രിക് സ്കൂട്ടർ. ഒരു സീനിലേ ഇൻഡി ഒള്ളുവെങ്കിലും സിനിമ കണ്ടിറങ്ങിയവരുടെ മനസിൽ ഇൻഡി കയറി കൂടി. ഈ സ്കൂട്ടറിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതൊരു തനി മലയാളി കമ്പനിയുടേതാണ് എന്നതാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി-യൂട്ടിലിറ്റി ഇലക്ട്രിക് സ്കൂട്ടർ സ്റ്റാർട്ടപ്പായ റിവർ മൊബൈലിറ്റി പുറത്തിറക്കിയതാണ് ഇൻഡി സ്‍കൂട്ടർ. ലോകപ്രശസ്‍ത ജനപ്രിയ ജാപ്പനീസ് ടൂവീലർ ബ്രാൻഡായ യമഹയുടെ പോലും ഹൃദയം കീഴടക്കിയ ഇൻഡിയേയും, റിവറിനേയും കുറിച്ച് കൂടുതൽ അറിയാം.
2021 മാര്‍ച്ചിലാണ് അരവിന്ദ് മണി, വിപിന്‍ ജോര്‍ജ് എന്നീ രണ്ട് മലയാളി യുവാക്കൾ ചേര്‍ന്ന് ബംഗളൂരുവിൽ റിവര്‍ മൊബൈലിറ്റി എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി ആരംഭിച്ചത്. രാജ്യത്തെ നഗര ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെയാണ് അരവിന്ദും, വിപിനും കമ്പനി ആരംഭിച്ചത്. മണിവ് മൊബിലിറ്റി, ട്രക്ക്സ് വിസി എന്നീ നിക്ഷേപകരിൽ നിന്ന് 2 മില്ല്യൺ ഡോളറിന്റെ പ്രാരംഭ പിന്തുണയോടെയായിരുന്നു തുടക്കം. ഏദർ, ബോഷ്, ഹോണ്ട തുടങ്ങി വിവിധ കമ്പനികളിൽ ജോലി ചെയ്തിട്ടുള്ള ഓട്ടോമൊബൈൽ രംഗത്ത് വിദഗ്ദരായ 42 പേരെയും ഒപ്പം കൂട്ടി. പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷത്തിനു ശേഷം കമ്പനി ഇന്‍ഡി എന്ന ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ അവതരിപ്പിച്ചു. സ്‍കൂട്ടർ ലോകത്തെ എസ്‌യുവി എന്ന ടാഗ് ലൈനോടെയാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ കമ്പനി ഇൻഡിയെ അവതരിപ്പിച്ചത്.
മുന്നിലും പിന്നിലും 14 ഇഞ്ച് വലുപ്പമുള്ള വീലുകളുള്ള ഇന്ത്യയിലെ ആദ്യത്തെ ഇ-സ്‌കൂട്ടറാണ് ഇന്‍ഡി. മുന്നിൽ ട്വിൻ എല്‍ഇഡി ലൈറ്റുകളും ക്രാഷ് ഗാര്‍ഡുകളും ഫ്രണ്ട് ഫൂട്ട്‌പെഗ്ഗുകളും ഇൻഡിക്കുണ്ട്. സെഗ്മെന്റിലെ തന്നെ ഏറ്റവും നീളവും വീതിയുമുള്ള സീറ്റുകളും ഇൻഡിയിൽ വരുന്നു. ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്നു റൈഡിംഗ് മോഡുകള്‍ വരുന്ന വാഹനത്തിൽ, സൈഡ് സ്റ്റാന്‍ഡ് മോട്ടോർ കട്ട് ഓഫ്, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ്, 90 ഡിഗ്രി വാല്‍വ് സിസ്റ്റം എന്നിങ്ങനെ പലതരം വെറൈറ്റി ഫീച്ചറുകളും ഉണ്ട്. 43 ലിറ്ററിന്റെ അണ്ടർ സീറ്റ് സ്റ്റോറേജ് സ്‌പേസും 12 ലിറ്ററിന്റെ ഗ്ലൗ ബോക്‌സും വാഹനത്തിൽ വരുന്നു. ഇനി കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോകണമെങ്കില്‍ 25 ലിറ്റര്‍ ടോപ് ബോക്‌സും 40 ലിറ്റര്‍ വരെ ഉൾക്കൊള്ളാനാവുന്ന പാനിയർ സെറ്റും ഘടിപ്പിക്കാൻ സാധിക്കും. ഒപ്പം രണ്ട് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകളും വാഗ്ദാനം ചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ സ്‌കൂട്ടറുകളിലെ എസ്‌യുവി എന്ന വിശേഷണം റിവര്‍ ഇന്‍ഡിക്ക് അനുയോജ്യം തന്നെ. മണിക്കൂറിൽ 90 കിലോമീറ്ററാണ് പരമാവധി വേഗത. തുടക്കത്തിൽ 1.25 ലക്ഷം രൂപയ്ക്ക് എത്തിയ റിവര്‍ ഇന്‍ഡിയുടെ ഇപ്പോഴത്തെ വില 1.38 ലക്ഷം രൂപയാണ്.
വാഹനലോകത്തെയാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു അടുത്തിടെ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ യമഹ റിവർ മൊബൈലിറ്റിയിൽ വൻ നിക്ഷേപം നടത്തിയത്. ഇതുവരെ പരമ്പരാഗത ഐസിഇ ഇരുചക്രവാഹനങ്ങളുമായി മാത്രം മുന്നേറിയിരുന്ന യമഹ മോട്ടോർ കമ്പനി റിവർ മൊബിലിറ്റിയിൽ 40 മില്യൺ ഡോളർ (ഏകദേശം 335 കോടി രൂപ) ആണ് നിക്ഷേപിച്ചത്. അൽ ഫുട്ടൈം ഗ്രൂപ്പ്, ലോവർകാർബൺ കാപ്പിറ്റൽ, ടൊയോട്ട വെഞ്ച്വേഴ്‌സ്, ഹ്യൂമൻ മൊബിലിറ്റി എന്നിവയുൾപ്പെടെ ഈ റൗണ്ടിലെ മുൻ നിക്ഷേപകരിൽ നിന്നുള്ള ഫണ്ടിംഗ് കൂടി ചേർത്തതോടെ നിക്ഷേപം 68 മില്യൺ (ഏകദേശം 565 കോടി രൂപ) ഡോളറിലെത്തി. പുതിയ ഫണ്ടിംഗ് ഉപയോഗിച്ച്, റിവർ മൊബിലിറ്റി രാജ്യത്തുടനീളം അതിന്‍റെ വിതരണവും സേവന ശൃംഖലയും വിപുലീകരിക്കാനും പുതിയ ഉൽപ്പന്നങ്ങളുടെ ശ്രേണി അവതരിപ്പിക്കാനും ഗവേഷണത്തിലും വികസനത്തിലും നിക്ഷേപിക്കാനുമാണ് പദ്ധതിയിടുന്നത്. 2030-ഓടെ ബില്യൺ ഡോളർ ആഗോള യൂട്ടിലിറ്റി ലൈഫ്‌സ്റ്റൈൽ ബ്രാൻഡായി മാറാനുള്ള പദ്ധതിയിലാണ് റിവർ. എതിരാളികളിൽ നിന്നുള്ള ശക്തമായ മത്സരം റിവറിനെ തളർത്തുന്നേയില്ല. ഉപഭോക്താക്കളുമായി നേരിട്ടുള്ള വിൽപ്പന, സബ്സ്ക്രിപ്ഷൻ സേവനങ്ങൾ, കസ്റ്റമൈസേഷൻ ഉൾപ്പെടെയുള്ള സവിശേഷ ബിസിനസ് മോഡൽ കൊണ്ട് അവരെയെല്ലാം പിന്നിലാക്കാനാണ് കമ്പനിയുടെ ശ്രമം. ഇന്ത്യയുടെ ഭാവി ഗതാഗതത്തിൽ സമൂലമായ മാറ്റം കൊണ്ടുവരികയാണ് റിവറിന്റെ ലക്ഷ്യം.