ടാറ്റസൺസും ഐപിഒയ്ക്ക്:എൽ.ഐ.സിക്ക് ശേഷമുള്ള ഏറ്റവും വലിയ ഐപിഒ കാത്ത് നിക്ഷേപകർ

0
391

അഞ്ച് ശതമാനം ഓഹരികൾ പ്രാരംഭ ഓഹരി വിൽപ്പന വഴി വിറ്റഴിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പിൻ്റെ മുഖ്യകമ്പനിയായ ടാറ്റസൺസ്. 11 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന ടാറ്റ സൺസിൻ്റെ ഓഹരി വിൽപ്പന വഴി 55,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കും ടാറ്റ സൺസിൻ്റേത്. 2022ൽ നടന്ന എൽ.ഐ.സിയുടെ 21,000 കോടി രൂപയുടെ ഐ.പി.ഒയാണ് ഇതുവരെ നടന്നതിൽ ഏറ്റവും വലുത്.

എൻ.ബി.എഫ്‌.സികളുടെ അപ്പർ ലെയർ പട്ടികയിലാണ് റിസർവ് ബാങ്ക്  ടാറ്റ സൺസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. അപ്പർ ലെയറിൽ ഉള്ള കമ്പനികൾ മൂന്ന് വർഷത്തിനകം ലിസ്റ്റ് ചെയ്യണമെന്ന നിബന്ധന ഉള്ളതിനാലാണ് ടാറ്റ സൺസ് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നത്. അടുത്ത വർഷം സെപ്റ്റംബറിനകം ഐ.പി.ഒ നടന്നേക്കും.  

എന്നാൽ ടാറ്റ ഗ്രൂപ്പ് ഇതുവരെ ടാറ്റ സൺസ് ഐ.പി.ഒയെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ, മുൻ ചെയർമാൻ രത്തൻ ടാറ്റ എന്നിവർക്ക് ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ താത്പര്യമില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.