ചൊവ്വയിൽ വീട് വെക്കാൻ ഒരുങ്ങുന്ന കോടീശ്വരൻ:ഇത് മസ്ക്ക് എന്ന മാന്ത്രിക മനുഷ്യന്റെ കഥ

0
470

ഓൺലൈൻ സാമ്പത്തിക ഇടപാടുകളുടെ ചരിത്രം മാറ്റിയെഴുതിയ പേ പാൽ, ബഹിരാകാശ ചരിത്രത്തിലെ പുത്തൻ സ്വപ്‌നങ്ങളുടെ നേർക്കാഴ്‌ചയായി മാറിയ ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ ഏജൻസിയായ സ്പേസ് എക്‌സ്, ഇലക്ട്രിക് വാഹന വിപണിയിലെ അനന്ത സാധ്യതകൾ ലോകത്തിന് മുന്നിൽ തുറന്നിട്ട ടെസ്ല, ഇതിഹാസ സംരംഭകൻ എന്നറിയപ്പെടുന്ന ഇലോൺ മസ്കിന്റെ സംരംഭങ്ങൾ ആണിവ. ലോകം ഉറ്റുനോക്കുന്ന ശാസ്ത്ര സംരംഭകനായി വളർന്ന എലോൺ മസ്ക്കിന്റെ കഥയാണിത്. 

ദക്ഷിണാഫ്രിക്കൻ പൗരനും എഞ്ചിനീയറുമായ എറോൾ മസ്കിന്റെയും കനേഡിയൻ വംശജയും മോഡലും ഡയറ്റീഷ്യനുമായ മായേ മസ്കിന്റെയും മകനായി 1971 ജൂൺ 28ന് ദക്ഷിണാഫ്രിക്കയിലെ പ്രട്ടോറിക്കയിലാണ് മസ്ക്ക് ജനിച്ചത്. കിംബൽ, ടോസ്ക എന്നിവരാണ് മസ്ക്കിന്റെ സഹോദരങ്ങൾ. മസ്ക്ക് ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ അച്‌ഛനും അമ്മയും വേർപിരിഞ്ഞു. മറ്റ് കുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്‌തനായിരുന്ന മസ്ക്ക് അന്തർമുഖനായ കുട്ടിയായിരുന്നു. പലപ്പോഴും ദിവാസ്വ‌പ്നങ്ങളിൽ മുഴുകിയിരുന്ന മസ്‌ക്കിനെ മറ്റ് കുട്ടികൾ പരിഹസിക്കുമായിരുന്നു. മസ്ക്കിൻ്റെ അച്‌ഛൻ കുട്ടികളെ ഉപദ്രവിക്കുമായിരുന്നു. നാലു മണിക്കൂറൊക്കെ നിശബ്ദരായി ഒരിടത്തിരുത്തുകയും ശാസിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ മായെ പിന്നീട് മക്കളെ വളർത്താനുള്ള പോരാട്ടമായിരുന്നു. പൂർണമായും സ്വന്തം കാലിൽ നിന്ന് വളരാൻ, അവർ ജീവിതത്തിൽ ആരാകണം എന്ന് തീരുമാനിക്കാൻ, പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിന് മായെ അവരെ പ്രാപ്‌തരാക്കി. ഒരു സിംഗിൾ മദറായ അവർ മക്കൾക്ക് ആവോളം പ്രോത്സാഹനം നൽകി. ഒരിക്കലും അവരെ ഒന്നിൽ നിന്നും തടഞ്ഞില്ല.

ചെറുപ്പത്തിലേ ഒരു പുസ്ത‌കപ്പുഴുവായിരുന്നു മസ്ക്ക്. ഒൻപതു വയസ്സുള്ളപ്പോൾ തന്നെ ദിവസം പത്തു പന്ത്രണ്ടു മണിക്കൂർ പുസ്‌തകം വായിക്കുമായിരുന്നു. കംപ്യൂട്ടറും സയൻസ് ഫിക്ഷനും ആയിരുന്നു മസ്ക്കിന്റെ ഇഷ്ട‌ വിഷയങ്ങൾ. പത്താം വയസിൽ കംപ്യൂട്ടർ പ്രോഗ്രാമിങ്ങ് പഠിച്ചെടുത്ത മസ്ക്ക് 12 ആം വയസിൽ ബ്ലാസ്‌റ്റേഴ്‌സ്‌ എന്ന കംപ്യൂട്ടർ ഗെയിം വികസിപ്പിച്ചു. ഇത് അഞ്ഞൂറു ഡോളറിന് ഒരു പ്രാദേശിക മാഗസിനു വിറ്റു. ഇവിടെയായിരുന്നു മസ്ക്ക് എന്ന സംരംഭകന്റെ ജനനം. 

1988 ൽ തന്റെ പതിനേഴാം വയസിൽ കാനഡയിലെ ക്വീൻസ് സർവകലാശാലയിൽ ഉപരിപഠനത്തിനു ചേർന്നു. തുടർന്ന് അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദം നേടി. 1995 ൽ സ്‌റ്റാൻഫോർഡ് സർവകലാശാലയിൽ അപ്ലൈഡ് ഫിസിക്സ് ആൻഡ് മെറ്റീരിയൽ സയൻസിൽ ഗവേഷണത്തിനു ചേർന്നെങ്കിലും രണ്ടു ദിവസം കഴിഞ്ഞപ്പോൾ പഠനം അവസാനിപ്പിച്ച് തന്റെ ബിസിനസ്സ് സ്വപ്നങ്ങൾക്ക് പിന്നാലെ പോയി. സഹോദരനുമായി ചേർന്ന്  1995 ൽ മസ്‌ക് സിപ്പ് 2 എന്ന പേരിൽ ഒരു സോഫ്റ്റ് വെയർ കമ്പനി തുടങ്ങി. 1999 ൽ ഇത് 307 മില്യൺ ഡോളറിനു വിറ്റു. ഈ പണമുപയോഗിച്ച് എക്‌സ് ഡോട്ട് കോം എന്ന ഓൺലൈൻ ബാങ്ക് തുടങ്ങി. പിന്നീടത് പേ പാൽ (Pay Pal ) എന്നറിയപ്പെട്ടു. ബഹിരാകാശ യാത്രയ്ക്കുള്ള വാഹനങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ 2002 ലാണ് മസ്ക്ക് സ്പേസ് എക്സ് എന്ന കമ്പനി സ്‌ഥാപിച്ചത്. 2012 ൽ ഫാൽക്കൺ 9 റോക്കറ്റ് ലോഞ്ച് ചെയ്ത് മനുഷ്യനില്ലാതെ ബഹിരാകാശ നിലയത്തിലേക്ക് വാഹനത്തിൽ സാധനങ്ങൾ എത്തിക്കുക എന്ന ചരിത്ര ദൗത്യം മസ്ക് നിറവേറ്റി. ഡ്രൈവറില്ലാതെ ഓടുന്ന ഇലക്ട്രിക് കാറുകളാണ് ടെസ്ല മോട്ടേഴ്സിലൂടെ മസ്‌ക് യഥാർഥ്യമാക്കിയത്.

ഇന്ന് ലോകം ഏറെ ചർച്ച ചെയ്യുന്ന പേരാണ് മസ്ക്കിന്റേത്. അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ പോലും നിരന്തര പരിശ്രമത്തിലൂടെ കൈപ്പിടിയിലൊതുക്കുന്ന സ്വപ്ന സംരഭകനാണ് മസ്ക്ക്. ചൊവ്വയിൽ ഒരു കോളനി സ്ഥാപിക്കുമെന്നതാണ് മസ്ക്കിന്റെ ഏറ്റവും വലിയ പ്രഖ്യാപനം. ദീർഘവീക്ഷണത്തോടെയും, കഠിനാധ്വാനത്തിലൂടെയും, തന്റെ സ്വപ്നങ്ങളെ പിന്തുടർന്നതാണ് മസ്ക്കിനെ അന്തർമുഖനായ ബാലനിൽ നിന്ന് ലോകം പുകഴ്ത്തുന്ന സംരംഭകനാക്കി മാറ്റിയത്.