ഇന്ത്യൻ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. മാട്രിമോണി ഡോട്ട് കോം (Matrimony.com), ഇൻഫോ എഡ്ജ്, ഷാദി ഡോട്ട് കോം (Shaadi.com), ആൾട്ട് (Altt) തുടങ്ങി 23 ആപ്പുകളാണ് നീക്കം ചെയ്തത്. ഗൂഗിൾ പ്ലേ സ്റ്റോറിന്റെ പേയ്മെന്റ് പോളിസുകൾ പാലിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് 9 ഇന്ത്യൻ ഡെവലപ്പർമാരുടെ ആപ്പുകൾ ഗൂഗിൾ നീക്കം ചെയ്തത്.
കേരള മാട്രിമോണി, ഭാരത് മാട്രിമോണി, ജോഡി എന്നിങ്ങനെ മാട്രിമോണി ഡോട്ട് കോമിന്റെ 13 ആപ്പുകൾ നീക്കം ചെയ്തു. ഇൻഫോ എഡ്ജിന്റെ നൗക്കരി ഡോട്ട് കോം (Naukri.com), നൗക്കറി റിക്രൂട്ടർ (Naukri Recruiter), 99 ഏക്കേഴ്സ് (99Acres) എന്നീ ആപ്പുകളും പീപ്പിൾ ഇന്ററാക്ടീവിന്റെ ഷാദി ഡോട്ട് കോം, ആൾട്ട് ബാലാജിയുടെ സ്ട്രീമിംഗ് സർവീസായ ആൾട്ട് എന്നിവയും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. ഉപഭോക്താക്കൾക്ക് ഇനി ഈ ആപ്പുകൾ ഗൂഗിളിന്റെ ഔദ്യോഗിക പ്ലേസ്റ്റോറിൽ സേർച്ച് ചെയ്ത് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല.
അതേസമയം ഇന്ത്യൻ കോംപറ്റീഷൻ റെഗുലേറ്ററുടെ ആന്റി ട്രസ്റ്റ് ഓർഡർ 2022 ലംഘിച്ചാണ് ഗൂഗിൾ ഇന്ത്യൻ കമ്പനികളുടെ മേൽ ബില്ലിംഗ് സിസ്റ്റം നടപ്പാക്കുന്നതും സർവീസ് ഫീസ് ഈടാക്കുന്നതെന്നും ആപ്പ് ഫൗണ്ടർമാർ പറഞ്ഞു. വിഷയത്തിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാവണമെന്നാണ് ഫൗണ്ടർമാരുടെ ആവശ്യം.