പൊതുമേഖലാ കമ്പനികളിൽ നിന്നുള്ള ലാഭവിഹിതം വാരിക്കൂട്ടി കേന്ദ്രസർക്കാർ. നടപ്പുവർഷം (2023-24) ധനകാര്യേതര കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭവിഹിതമായി 50,000 കോടി രൂപയാണ് കേന്ദ്രം ബജറ്റിൽ ലക്ഷ്യംവെച്ചത്. എന്നാൽ നടപ്പുവർഷം ഏപ്രിൽ-ഫെബ്രുവരിയിൽ തന്നെ ഇതുമറികടന്ന് 51,556 കോടി രൂപ ലഭിച്ചെന്ന് ധനമന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇൻവെസ്റ്റ്മെൻ്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെൻ്റ് വ്യക്തമാക്കി. നടപ്പുവർഷത്തെ ആകെ ലാഭവിഹിതം 55,000 കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷ.
2019-20 ഒഴിച്ചാൽ തുടർന്നിങ്ങോട്ട് പ്രതീക്ഷിച്ചതിലും അധികം ലാഭവിഹിതമാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് കേന്ദ്രത്തിന് ലഭിക്കുന്നത്. 2019-20ൽ 48,256 കോടി രൂപ പ്രതീക്ഷിച്ചെങ്കിലും 35,543 കോടി രൂപയേ കിട്ടിയുള്ളൂ. 2020-21ൽ 34,717 കോടി രൂപ എന്ന ലക്ഷ്യം മറികടന്ന് 39,608 കോടി രൂപ ലഭിച്ചു. 2021-22ൽ ലക്ഷ്യം 46,000 കോടി രൂപയായിരുന്നെങ്കിലും 59,294 കോടി രൂപ കിട്ടി. കഴിഞ്ഞ സാമ്പത്തിക വർഷം (2022-23) 43,000 കോടി രൂപ പ്രതീക്ഷിച്ചിടത്ത് 59,533 കോടി രൂപയാണ് കേന്ദ്രത്തിന് ലഭിച്ചത്.
പ്രതീക്ഷിച്ചതിലധികം ലാഭവിഹിതം കിട്ടുന്നുണ്ടെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് പണം സമാഹരിക്കാനുള്ള കേന്ദ്രത്തിൻ്റെ നീക്കം പരാജയപ്പെടുകയാണ്. നടപ്പുവർഷം പൊതുമേഖലാ ഓഹരി വിൽപനയിലൂടെ 30,000 കോടി രൂപയാണ് കേന്ദ്രം ലക്ഷ്യംവയ്ക്കുന്നത്. എന്നാൽ, ഇതുവരെ 12,609 കോടി രൂപ മാത്രമാണ് സമാഹരിക്കാനായത്.