ഇന്ത്യന്‍ ആപ്പുകളില്‍ ചിലത് പുനഃസ്ഥാപിച്ച് ഗൂഗിള്‍. വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതോടെയാണ് കമ്പനി തീരുമാനം പിന്‍വലിച്ചത്. സംഭവം ചര്‍ച്ചയായതിന് പിന്നാലെ കേന്ദ്ര ഐടി മന്ത്രാലയം ബന്ധപ്പെട്ട കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ ഗൂഗിളിന്റെ നടപടിക്കെതിരെയുള്ള വിയോജിപ്പ് അറിയിച്ച ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇത് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി.
നൗക്കരി, 99 ഏക്കേഴ്സ്, നൗക്കരി ഗള്‍ഫ് ഉള്‍പ്പടെയുള്ള ഇന്‍ഫോ എഡ്ജിന്റെ ആപ്പുകളാണ് ഗൂഗിള്‍ പുനഃസ്ഥാപിച്ചത്. പീപ്പിള്‍സ് ഗ്രൂപ്പിന്റെ ശാദിയും തിരിച്ചെത്തി. വൈകാതെ മറ്റ് ആപ്പുകളും പ്ലേ സ്റ്റോറില്‍ ലഭ്യമായേക്കും. ഭാരത് മാട്രിമോണി, ഷാദി ഡോട്ട് കോം മാട്രിമോണി അടക്കം ഏതാനും ഇന്ത്യന്‍ ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്. പ്ലേ സ്റ്റോറില്‍ നിന്ന് ഇവ പ്രയോജനമുണ്ടാക്കുന്നുണ്ടെന്നും എന്നിട്ടും ഇവരില്‍ പലരും ഫീസ് അടക്കുന്നില്ലെന്നും ചൂണ്ടികാട്ടിയാണ് ഗൂഗിള്‍ നടപടി സ്വീകരിച്ചത്. 10 കമ്പനികള്‍ക്കെതിരെയായിരുന്നു നടപടി എടുത്തത്.
ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതിന് പിന്നാലെ മാട്രിമോണി ഡോട്ട് കോമിന്റെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. നിലവില്‍ ഇന്ത്യയിലെ രണ്ട് ലക്ഷം ആപ്പുകളില്‍ മൂന്ന് ശതമാനം ആപ്പുകള്‍ക്ക് മാത്രമാണ് സര്‍വീസ് ഫീ ചുമത്തിയിട്ടുള്ളതെന്നാണ് ഗൂഗിള്‍ പറയുന്നത്.