ഇനി ഒന്നല്ല, രണ്ട്:ടാറ്റ മോട്ടോഴ്‌സ് വിഭജിക്കുന്നതായി പ്രഖ്യാപനം

0
693

രാജ്യത്തെ പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയായ ടാറ്റ മോട്ടോഴ്‌സ് വിഭജിക്കുന്നു. വാണിജ്യ വാഹനം (Commercial Vehicle), യാത്രാ വാഹനം (Passenger Vehicle) എന്നിങ്ങനെ രണ്ടു വിഭാഗമായി വിഭജിക്കാനാണ് തീരുമാനം. അപ്രതീക്ഷിതമായാണ് കമ്പനിയെ വിഭജിച്ച് രണ്ടു കമ്പനികളായി ലിസ്റ്റ് ചെയ്യാനുള്ള തീരുമാനം ടാറ്റ മോട്ടോഴ്‌സ് സ്റ്റോക്ക് എക്‌സ്ചേഞ്ചുകളെ അറിയിച്ചത്. വാണിജ്യ വാഹന ബിസിനസ് ടാറ്റ മോട്ടോഴ്‌സ് എന്ന പേരിൽ തുടരും. യാത്രാവാഹന ബിസിനസ് മറ്റൊരു പേരിൽ ലിസ്റ്റ് ചെയ്യും. ടാറ്റ മോട്ടോഴ്‌സിലെ ഓഹരി ഉടമകൾക്ക് രണ്ടു കമ്പനികളിലും തുല്യമായ ഓഹരികൾ ലഭിക്കും. രണ്ട് ബിസിനസുകളും വേർപിരിയുന്നത് അവസരങ്ങൾ മുതലാക്കാനും, ശ്രദ്ധയും ചടുലതയും വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.

വാണിജ്യ വാഹന ബിസിനസും അതുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളും പ്രത്യേക വിഭാഗമാകും. പാസഞ്ചർ വെഹിക്കിൾ ബിസിനസ് (പിവി), ഇലക്ട്രിക് വാഹനങ്ങൾ, ജെഎൽആർ, അനുബന്ധ നിക്ഷേപങ്ങൾ എന്നിവ പ്രത്യേക വിഭാഗമാകും. ഇക്കഴിഞ്ഞ ജനുവരി 30 ന്, ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി ഇന്ത്യയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ വാഹന നിർമ്മാതാക്കളായി മാറിയിരുന്നു. നിലവിൽ ടാറ്റ മോട്ടോഴ്സിന്റെ ഏകീകൃത വരുമാനത്തിന്റെ 70 ശതമാനവും ജാഗ്വാർ ലാൻഡ് റോവർ ആണ് സൃഷ്ടിക്കുന്നത്. അതിനാൽ ഇത് ഉൾപ്പെടുന്ന പാസഞ്ചർ വാഹന ഡിവിഷനാകും, വാണിജ്യ വാഹന ഡിവിഷനേക്കാൾ മൂല്യമുള്ളത്.

വിഭജനം ദീർഘകാലത്തിൽ നേട്ടമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. നിക്ഷേപകരും ഈ നീക്കത്തെ അനുകൂലമായാണ് കാണുന്നത്. വിഭജന വാർത്തകളുടെ പിൻബലത്തിൽ ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ ഇന്ന് 1,000 രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ന് അഞ്ച് ശതമാനത്തോളം ഉയർന്ന ഓഹരി വില 1,031.70 രൂപ വരെയെത്തി. ഇന്നലെ വിപണിയിൽ വ്യാപാരം അവസാനിച്ചതിനു ശേഷമായിരുന്നു ടാറ്റ മോട്ടോഴ്‌സിൻ്റെ വിഭജന പ്രഖ്യാപനം.