പണക്കാരന്റെ പലഹാരം ഇന്ത്യയുടെ ഓരോ കോണിലും എത്തിച്ച ‘പാർലേ ജി’:ഒരു ഇന്ത്യൻ ബിസ്ക്കറ്റ് കഥ

0
744

ബിസ്ക്കറ്റുകൾ കൊണ്ട് ചരിത്രം സൃഷ്ടിച്ച ഒരു കമ്പനി. റോഡുവക്കിലെ പെട്ടിക്കടകളിൽ മുതൽ വമ്പൻ ഹൈപ്പർ മാർക്കറ്റിലെ ബിസ്ക്‌കറ്റ് കൂട്ടങ്ങൾക്കിടയിൽ വരെ സ്ഥിരം സാന്നിധ്യമായ ഒരു ബ്രാൻഡ്. പാർലേ ജി എന്നാൽ ഇന്ത്യക്കാർക്ക് വെറും ഒരു ബിസ്ക്കറ്റ് അല്ല. നമ്മുടെയൊക്കെ ബാല്യകാല ഓർമ്മകളെ തൊട്ടുണർത്തുന്ന ഒരു വികാരം കൂടിയാണ്.  

1928 ല്‍  സ്വദേശി പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ച് ആരംഭിച്ച കമ്പനിയാണ് പാര്‍ലെ. സില്‍ക്ക് വ്യാപാര കുടുംബമായിരുന്ന ചവാൻ കുടുംബത്തിലെ മോഹന്‍ലാല്‍ ദയാലാണ് പാർലെ കമ്പനി തുടങ്ങുന്നത്. മധുര പലഹാര കമ്പനിക്കായി പഴയൊരു പലഹാര ഫാക്ടറി തന്നെ പാര്‍ലെ വാങ്ങി. കമ്പനി ആരംഭിക്കുന്നതിന് മുൻപ് മോഹൻലാൽ ദയാൽ ജര്‍മനിയില്‍ പോയി പലഹാര നിര്‍മാണം പഠിച്ചെടുത്തു. ജർമനിയിൽ നിന്ന് 60,000 രൂപയ്ക്ക് ഇറക്കുമതി ചെയ്ത യന്ത്രങ്ങളും ഉപയോ​ഗിച്ചാണ് പാർലെ കമ്പനി പ്രവർത്തനം ആരംഭിച്ചത്.

12 പേരുമായി മുംബൈയിലെ വിലെ പാർലെയിലാണ് മോഹൻലാൽ ദയാൽ ഫാക്ടറി തുടങ്ങിയത്. ഓറഞ്ച് മിഠായികളായിരുന്നു പാര്‍ലെയുടെ ആദ്യം ഉത്പ്പന്നം. ഉത്പ്പാദനവുമായി മുന്നോട്ട് പോകുന്ന സമയത്താണ് കമ്പനിക്ക് പേരിടുന്നതിനെ പറ്റി പോലും ഉടമകൾ ചിന്തിക്കുന്നത്. അങ്ങനെ കമ്പനിയുടെ ജന്മ സ്ഥസമായ പാർലെ എന്ന പേര് തന്നെ കമ്പനിക്കിട്ടു. കമ്പനി ആരംഭിച്ച് 11 വർഷങ്ങൾക്ക് ശേഷം 1939 ലാണ് പാർലെ ബിസ്ക്കറ്റ് നിർമാണത്തിലേക്ക് കടക്കുന്നത്.

ബിസ്ക്കറ്റ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന കാലത്താണ് പാർലെ കമ്പനി ഇന്ത്യയിൽ ബിസ്ക്കറ്റ് വില്പന ആരംഭിക്കുന്നത്. വില കൂടുതലായിരുന്നതിനാൽ ബിസ്ക്കറ്റ് എന്നത് സമൂഹത്തിലെ വരേണ്യ വർ​ഗത്തിന്റെ ഭക്ഷണമായിരുന്നു. ഈ കുത്തക തകർത്തുകൊണ്ട് പാര്‍ലെയുടെ ​ഗ്ലൂകോ ബിസ്ക്കറ്റുകൾ വിപണിയിലെത്തി. പാര്‍ലെ ഗ്ലൂക്കോ എന്ന പേരില്‍ പുറത്തിറങ്ങിയ ബിസ്‌ക്കറ്റുകള്‍ കുറഞ്ഞ വിലയ്ക്ക് ഇന്ത്യക്കാർക്ക് ലഭ്യമായി. ബിസ്ക്കറ്റ് പെട്ടന്ന് തന്നെ രാജ്യത്ത് ഹിറ്റായി.

എന്നാൽ 1960 തില്‍ ബ്രിട്ടാനിയ കമ്പനി ഗ്ലുക്കോ ബിസ്ക്കറ്റുമായി വിപണിയിലെത്തിയതോടെ പാര്‍ലെയ്ക്ക് തിരിച്ചടി നേരിട്ടു. ഇരു കമ്പനികളുടെയും സമാന പേരിലുള്ള ബ്രാൻഡുകൾ ജനങ്ങൾക്കിടയിൽ ആശയ കുഴപ്പമുണ്ടാക്കി. പുതിയ പാക്കിംഗ് കൊണ്ടു വന്നാണ് കമ്പനി ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്. മഞ്ഞ നിറത്തിലുള്ള പാക്കിനു മുകളിൽ ബ്രാന്‍ഡ് നെയിമും ലോഗോയും ഇതിനൊപ്പം കൊച്ചു പെണ്‍കുട്ടിയും പാര്‍ലെയുടെ മുഖമായി. പാക്കിംഗ് കൊണ്ട്  നിർത്തിയില്ല, 1980 തില്‍ പാര്‍ലെ ഗ്ലൂക്കോ പേര് മാറ്റി.​ ഗ്ലൂക്കോയുടെ ചുരുക്കെഴുത്തായി പാര്‍ലെ ജി എന്ന പേര് കമ്പനി സ്വീകരിച്ചു. പിന്നെ മാർക്കറ്റ് ഭരിച്ചത് പാർലെ ജി ആയിരുന്നു. 

വിപണിയിൽ തരംഗമാകുന്നതിനിടെ 90കളിൽ പുറത്തിറങ്ങിയ ഒരു പരസ്യമാണ് പാർലേ ജിക്ക് വമ്പൻ കുതിപ്പേകിയത്. 90കളിൽ വൻ ഹിറ്റായിരുന്ന ശക്തിമാനെ വെച്ച് തയ്യാറാക്കിയതായിരുന്നു പരസ്യം. ആ ഒറ്റ പരസ്യം കൊണ്ട് 50 ടണ്ണിൽ നിന്ന് 2000 ടൺ ആയി പാർലേ ജിയുടെ വിൽപന കുതിച്ചുയർന്നു. 2011ൽ നീൽസെൻ സർവേ നടത്തിയ ഒരു പഠനം പറയുന്നത് ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബിസ്ക്കറ്റ് ബ്രാൻഡ് പാർലേ ജി ആണെന്നാണ്. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 5000 കോടി രൂപയുടെ വിൽപന നടന്ന ഉപഭോക്തൃ ഉത്പന്നം പാർലേ ജി ആണെന്നാണ് 2013ൽ നടന്ന മാർക്കറ്റ് സ്റ്റഡിയിൽ ചൂണ്ടിക്കാട്ടുന്നത്.

അടുത്തിടെ കോവിഡ് കാലത്തും പാർലേ ജിയുടെ മാർക്കറ്റ് സെയിൽ ഉയർന്നിരുന്നു. ആളുകൾക്ക് പുറത്തിറങ്ങാനോ ജോലി ചെയ്യാനോ സാധിക്കാതിരുന്ന സമയത്ത് പ്രതിസന്ധി നേരിടാൻ സർക്കാർ, സന്നദ്ധ സംഘടനകൾ നൽകിയ റിലീഫ് കിറ്റുകളിൽ പ്രധാന ഇനം കുട്ടികൾക്കുള്ള ബിസ്ക്കറ്റ് ആയിരുന്നു. അതിനായി ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിച്ചത് പാർലേ ജി ബിസ്ക്‌കറ്റ് ആയിരുന്നു. സുപരിചിതമായ ബ്രാൻഡ് എന്നതിനൊപ്പം വിശ്വാസമുള്ള ബ്രാൻഡ് എന്നതും കോവിഡ് കാലത്തെ പാർലേ ജിയുടെ വളർച്ചയെ സ്വാധീനിച്ചു. ഇന്ത്യയിൽ നിന്ന് അതിർത്തികടന്നുപോവുന്ന കുടിയേറ്റക്കാർക്ക് 30 മില്ല്യൺ പാക്കറ്റ് ബിസ്ക്കറ്റാണ് പാർലേ ജി വിതരണം ചെയ്‌തത്‌. ഇതും പാർലേ ജിയുടെ സൽപ്പേര് ഉയർത്തി. ലോക്ക് ഡൗൺ കാലത്ത് പാർലേ ജിയുടെ ഓഹരി വില അഞ്ച് ശതമാനമാണ് വർധിച്ചത്. 

5000 കോടിയാണ് ഇന്ന് പാർലേ ജിയുടെ വിപണിമൂല്യം. ഇന്ത്യയിൽ 120 ഫാക്ടറികളിലായി പ്രതിദിനം 400 മില്ല്യൺ ബിസ്ക്കറ്റുകളാണ് ഉത്പാദിപ്പിക്കുന്നത്. മാസത്തിൽ 1 ബില്ല്യൺ പാർലേ ജി പാക്കറ്റുകളാണ് കമ്പനി പുറത്തിറക്കുന്നത്. യു.എ.ഇ ഉൾപ്പെടെ 100 രാജ്യങ്ങളിലേക്ക് പാർലേ ബിസ്ക്കറ്റുകൾ കയറ്റുമതിയും ചെയ്യുന്നുണ്ട്. ഇന്ത്യയിൽ മാത്രം 70 ലക്ഷം കടകളിൽ പാർലേ ജി വിൽപന നടത്തുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. എല്ലാവർക്കും തങ്ങളുടെ ബിസ്ക്‌കറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് 1, 2, 3, 4, 5, 10, 20, 50 രൂപയുടെ പാർലേ പാക്കറ്റുകൾ മാർക്കറ്റിൽ ലഭ്യമാണ്. 1-4 രൂപ പാക്കറ്റുകൾ ടയർ 2-3 സിറ്റികളിലും റൂറൽ മാർക്കറ്റിലും മാത്രമാണ് ലഭ്യമാവുന്നത്.

ഇന്ന് മൂന്നാം തലമുറയാണ് പാർലേ ജിയുടെ തലപ്പത്ത്. മോഹൻലാൽ ദയാലിൻ്റെ ചെറുമകനായ വിജയ് ചൗഹാൻ, രാജ് ചൗഹാൻ, ശരത് ചൗഹാൻ എന്നിവർ ചേർന്നാണ് കമ്പനിയുടെ നടത്തിപ്പ്. ഇന്ത്യയ്ക്ക് പുറമേ കാമറൂൺ, നൈജീരിയ, ഘാന, എത്യോപ്യ, കെനിയ, ഐവറി കോസ്റ്റ്, നേപ്പാൾ, മെക്സിക്കോ എന്നീ എട്ട് രാജ്യങ്ങളിൽ പാർലേയ്ക്ക് ഫാക്ടറികളുണ്ട്.