കേരളത്തിന് ആശ്വാസം, കേന്ദ്രത്തിന് തിരിച്ചടി:13,608 കോടി രൂപ കൂടി കടമെടുക്കാമെന്ന് സുപ്രീം കോടതി 

0
179

കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാൻ ഉത്തരവിടുമെന്ന് സുപ്രീം കോടതി. ശമ്പളം, ക്ഷേമപെൻഷൻ തുടങ്ങിയവയുടെ വിതരണത്തിന് പണമില്ലാതെയും ട്രഷറിക്ക് നിയന്ത്രണമേർപ്പെടുത്തേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ കേരളത്തിന് ആശ്വാസമാകുന്നതാണ് കോടതിയുടെ ഉത്തരവ്. മൊത്തം 26,000 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ 13,608 കോടി രൂപ കടമെടുക്കാൻ അനുവദിക്കാമെന്നും തുക സംബന്ധിച്ച് കേന്ദ്രവുമായി ചർച്ച ചെയ്‌ത്‌ സമവായത്തിലെത്താനും കോടതി നിർദേശിച്ചു.

നടപ്പുവർഷം കേന്ദ്രം കേരളത്തിന് അനുവദിച്ച വായ്‌പാപരിധി ഇക്കഴിഞ്ഞ ജനുവരിയിൽ തന്നെ അവസാനിച്ചിരുന്നു. വായ്‌പ എടുക്കാൻ പോലും അനുവദിക്കാതെ കേരളത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും ഇത് സാമ്പത്തിക ഉപരോധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും നവകേരള യാത്രയിലുടനീളം ആരോപിച്ചിരുന്നു. ക്ഷേമപെൻഷൻ വിതരണം തടസ്സപ്പെടുത്തുന്നതും കേന്ദ്രത്തിൻ്റെ കടുംപിടിത്തമാണെന്നും സർക്കാരും സി.പി.എം നേതാക്കളും ആവർത്തിച്ചാരോപിച്ചിരുന്നു.

26,000 കോടിയോളം രൂപയാണ് ശമ്പളം, ക്ഷേമപെൻഷൻ വിതരണം, മറ്റ് വികസന പദ്ധതികൾ എന്നിവയ്ക്കായി ഈ മാസം സംസ്ഥാന സർക്കാരിന് ആവശ്യമുള്ളത്. 13,608 കോടി രൂപ കൂടി കടമെടുക്കാൻ അവകാശമുണ്ടെന്നും ഇത് പലവിധ കാരണങ്ങൾ പറഞ്ഞ് കേന്ദ്രം തടയുകയാണെന്നുമാണ് കേരളം വാദിച്ചത്. ഇക്കാരണത്താലാണ്, സംസ്ഥാനങ്ങളുടെ ബജറ്റിൽ കേന്ദ്രം കൈകടത്തേണ്ടെന്നും കടമെടുക്കുന്നത് തടയേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്.