ഫോബ്സ് മാസികയുടെ കവർ പേജിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ ചൈനീസ് സംരംഭകൻ. ഇന്റർനെറ്റിന്റെ വിപണന സാധ്യത പ്രയോജനപ്പെടുത്തി സഹസ്രകോടികളുടെ ഉടമയായ അമ്പത്തൊൻപതുകാരൻ. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ഉത്പന്ന വിപണന സ്‌ഥാപനമായ ‘ആലിബാബ’യുടെ സ്‌ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ജാക്ക്‌മാ തൻ്റെ പരിമിതികളെ അതിജീവിച്ച് അമ്പരപ്പിക്കുന്ന വിജയങ്ങൾ നേടിയ കഥയാണിത്.
1964 ഒക്ടോബർ 15 ന് ചൈനയിലെ ഒരു താഴ്ന്ന മധ്യവർഗ കുടുംബത്തിലാണ് ജാക്ക് മാ ജനിച്ചത്. ജ്യേഷ്ഠനും അനുജത്തിക്കുമൊപ്പം വളർന്ന മാ കുട്ടിക്കാലം മുതലേ വ്യത്യസ്തനായിരുന്നു. ചെറുപ്പം മുതൽക്കേ പഠനത്തിൽ വലിയ മികവില്ലായിരുന്ന മായ്ക്ക് പക്ഷേ ഇംഗ്ലിഷ് ഭാഷ പഠിക്കാൻ വലിയ താൽപര്യമായിരുന്നു. ഇംഗ്ലിഷ് ഭാഷ ഉപയോഗിക്കുന്നതിൽ വിമുഖത കാട്ടുന്ന ചൈനീസ് സമൂഹത്തിൽനിന്നുള്ള ഒരാൾ ഈ ഭാഷയിൽ നൈപുണ്യം നേടണമെങ്കിൽ കഠിനമായ പരിശ്രമം ആവശ്യമായിരുന്നു. പ്രൈമറി തലത്തിൽ രണ്ടു തവണയും മിഡിൽ സ്കൂളിൽ മൂന്നു തവണയും തോറ്റ മാ ഒൻപതു വർഷത്തെ പരിശ്രമത്തിലൂടെ ഇംഗ്ലിഷ് ഭാഷയിൽ വൈദഗ്‌ധ്യം നേടി. ഇംഗ്ലിഷ് പറഞ്ഞു ശീലിക്കാനായി ചൈനയിലെത്തിയ വിദേശ ടൂറിസ്‌റ്റുകൾക്ക് സഹായിയായും ഗൈഡായും പ്രതിഫലം വാങ്ങാതെ മാ പ്രവർത്തിച്ചു. അങ്ങനെ കണ്ടുമുട്ടിയ ഒരു വിദേശിയാണ് “ജാക്ക്” എന്ന പേര് നിർദേശിച്ചത്. ചൈനീസ് സർവകലാശാലയിലേക്കുള്ള പ്രവേശന പരീക്ഷയിൽ മൂന്നു തവണ പരാജയപ്പെട്ട ജാക്ക്‌മാ പിന്നീട് ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം നേടി.
ബിരുദമെടുത്തതിനു ശേഷം തൊഴിലിനായി 30 അപേക്ഷകൾ അയച്ച ജാക്മായുടെ 30 അപേക്ഷകളും നിരസിക്കപ്പെട്ടു. സ്വന്തം നാട്ടിൽ തുടങ്ങിയ കെഎഫ്സിയുടെ ഷോപ്പിൽ ജോലിക്കായി ഇൻ്റർവ്യൂവിന് എത്തിയ 24 പേരിൽ ജാക്ക്‌മാ ഒഴികെ 23 പേർക്കും ജോലി ലഭിച്ചു. കഴിവുകേട് ചൂണ്ടിക്കാട്ടി മറ്റുള്ളവർ അവസരങ്ങൾ നിഷേധിച്ചപ്പോഴൊക്കെയും തന്റെ കഴിവിൽ വിശ്വാസമർപ്പിച്ച് ശുഭപ്രതീക്ഷയോടെ അദ്ദേഹം അടുത്ത അവസരങ്ങളെ സമീപിച്ചു. അങ്ങനെ 12 ഡോളർ പ്രതിമാസ ശമ്പളത്തിന് അദ്ദേഹം ഹാങ്‌ഷൂ ഡയാൻസി സർവകലാശാലയിൽ ഇംഗ്ലീഷ്, ഇന്റർനാഷണൽ ട്രേഡിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ബീജിംഗ് ആസ്ഥാനമായുള്ള ചിയുങ് കോംഗ് ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ (സികെജിഎസ്ബി) തുടർ വിദ്യാഭ്യാസവും പൂർത്തിയാക്കി അധ്യാപകനായി ജോലി ചെയ്യവേ 1994 ൽ അമേരിക്കയിലേക്ക് പോയ ഒരു ബിസിനസ് സംഘത്തിൽ അംഗമായി. അമേരിക്കയിൽവച്ചാണ് ജാക്ക്‌മാ ഇന്റർനെറ്റിന്റെ സാധ്യതകൾ മനസിലാക്കിയത്. ഇന്റർനെറ്റ് മായെ ഏറെ സ്വാധീനിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ടൺ കണക്കിന് ഡാറ്റ അദ്ദേഹത്തിന് കണ്ടെത്താനായെങ്കിലും, ചൈനയുടെ ഡാറ്റകൾ ഒന്നും കാര്യമായി ലഭ്യമായിരുന്നില്ല.
ചൈനയെക്കുറിച്ചുള്ള വിവരങ്ങൾക്കായി അദ്ദേഹം തിരഞ്ഞുകൊണ്ടിരുന്നു, എന്നാൽ നിരാശയായിരുന്നു ഫലം. അങ്ങനെ 1995 ഏപ്രിലിൽ ജാക്ക്മാ 20,000 ഡോളർ സമാഹരിച്ച് ഭാര്യയേയും സുഹൃത്തിനേയും കൂട്ടി ഒരു ഓൺലൈൻ ബിസിനസ് ആരംഭിച്ചു. “ചൈന യെല്ലോ പേജസ്” എന്നായിരുന്നു ബിസിനസിന്റെ പേര്. ചൈനീസ് കമ്പനികൾക്കായി വെബ്സൈറ്റുകൾ നിർമിക്കുന്ന ഒരു കമ്പനിയായിരുന്നു അത്. ചൈനയിലെ ആദ്യത്തെ ഇന്റർനെറ്റ് കമ്പനിയാണിതെന്ന് പോലും പറയപ്പെടുന്നു. പിന്നീട് 1999-ൽ, ഏറ്റവും അടുത്ത 17 സുഹൃത്തുക്കളുമായി തുടങ്ങിയ ‘ആലിബാബ’ എന്ന ഓൺലൈൻ വ്യാപാര കേന്ദ്രം ചരിത്ര വിജയം കുറിച്ചു. ഇന്ന് ലോകത്തെ മറ്റെല്ലാ ഓൺലൈൻ വ്യാപാര കേന്ദ്രങ്ങളിലൂടെയും നടക്കുന്നതിലും കൂടുതൽ ഇടപാടുകളാണ് ആലിബാബയിലൂടെ നടക്കുന്നത്. 2,440 കോടി യുഎസ് ഡോളറാണ് ഇന്ന് മായുടെ ആസ്തി.
“ഇന്ന് കഷ്‌ടപ്പാടുകൾ നിറഞ്ഞതാവാം, നാളെയും അങ്ങനെ ആവാം, എന്നാൽ മറ്റന്നാൾ മനോഹരവും ആസ്വാദ്യകരവും ആയിരിക്കും” ജാക്ക്‌മായുടെ വാക്കുകളാണിത്. ഭാവി നമുക്ക് അനുകൂലമാക്കാൻ ഇന്നത്തെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് കാണിക്കണമെന്ന് തെളിയിക്കുന്നതാണ് ജാക്ക്മായുടെ ജീവിതം. നമ്മൾ ലക്ഷ്യത്തിൽനിന്നു പിന്തിരിയാത്തിടത്തോളംകാലം വിജയിക്കാനുള്ള സാധ്യത അവശേഷിക്കും. ഇടയ്ക്ക് വെച്ചു ഉപേക്ഷിച്ചു പോകുന്നതാണ് ഏറ്റവും വലിയ പരാജയം.