ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഉറപ്പു നൽകുന്ന ഉഭയകക്ഷിക്കരാറിൽ ഒപ്പുവച്ച് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും. രാജ്യത്തെ ബാങ്ക് ജീവനക്കാർക്കും ഓഫീസർമാർക്കും വേതനവർധന, പെൻഷൻ, സേവന വ്യവസ്ഥ പരിഷ്‌കരണം എന്നിവ ഉറപ്പാക്കുന്നതാണ് പന്ത്രണ്ടാം ഉഭയകക്ഷിക്കരാർ. 2022 നംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർധന പരിഷ്‌കരിച്ചിരിക്കുന്നത്.
എട്ട് ലക്ഷത്തിലധികം ജീവനക്കാർക്ക് അഞ്ച് വർഷം കാലാവധിയുള്ള കരാറിന്റെ പ്രയോജനം ലഭിക്കും. ശമ്പള പരിഷ്‌കരണം മൂലം 12,449 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ബാങ്കുകൾക്ക് എല്ലാ ശനിയാഴ്‌ചയും അവധി നൽകാനുള്ള ശുപാർശ കേന്ദ്രസർക്കാരിൻ്റെയും റിസർവ് ബാങ്കിൻ്റേയും അംഗീകാരം ലഭിക്കുന്നതോടെ പ്രാബല്യത്തിൽ വരും. നിലവിൽ ഒന്നും മൂന്നും ശനിയാഴ്‌ചകൾ ബാങ്കുകൾക്ക് പ്രവൃത്തിദിനമാണ്. എന്നാൽ ശനിയാഴ്‌ച അവധി നടപ്പാക്കുമ്പോൾ മറ്റ് ദിവസങ്ങളിൽ പ്രവൃത്തി സമയം 45 മിനിറ്റ് കൂട്ടുന്നതും പരിഗണനയിലുണ്ട്.
ക്ലറിക്കൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം തുടക്കത്തിൽ 17,900 ആയിരുന്നത് 24,050 രൂപയാകും. സർവീസിൻ്റെ അവസാനമുള്ള അടിസ്ഥാന ശമ്പളം 65,830 രൂപയിൽ നിന്ന് 93,960 രൂപ വരെയാക്കി ഉയർത്തും. പ്യൂൺ, ബിൽ കളക്ടർ തുടങ്ങിയ സബോർഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാന ശമ്പളം 14,500 രൂപയിൽ നിന്ന് 19,500 രൂപയാക്കി. സർവീസിൻ്റെ അവസാനമുള്ള അടിസ്ഥാന ശമ്പളം 37,145 രൂപയിൽ നിന്ന് 52,160 രൂപയാകും. വനിതാ ജീവനക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാതെ തന്നെ മാസത്തിൽ ഒരു ദിവസം മെഡിക്കൽ ലീവ് അനുവദിക്കും. ഒറ്റപ്രസവത്തിൽ രണ്ടിലധികം കുട്ടികളുണ്ടെങ്കിൽ വനിതാ ജീവനക്കാർക്ക് ഒരു വർഷത്തെ പ്രസവാവധിയും ലഭിക്കും.