ശക്തമായ തിരിച്ചുവരവിൽ ബിറ്റ്കോയിൻ:മൂല്യം 70,000 കടന്നു

0
143

ചരിത്രത്തിൽ ആദ്യമായി 70,000 കടന്ന് 70,170.00 ഡോളർ വരെ ഉയർന്ന് ബിറ്റ്കോയിൻ വില. 2022ൽ മൂല്യത്തിൻ്റെ 64 ശതമാനം നഷ്ടപ്പെട്ടതിന് ശേഷം ശക്തമായ തിരിച്ചുവരവാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ നടത്തുന്നത്. രണ്ട് വർഷത്തിനിടെ ഫെബ്രുവരി 13നാണ് ബിറ്റ്‌കോയിൻ വില ആദ്യമായി 50,000 ഡോളർ കൈവരിച്ചത്. 2021 നവംബർ 12നാണ് 68,789 എന്ന എക്കാലെത്തെയും ഉയർന്ന വിലയിലേക്ക് ബിറ്റ്കോയിൻ എത്തിയത്. നിലവിൽ 68,435.50 ഡോളറാണ് ബിറ്റ്കോയിൻ്റെ വില.

2024ൽ ഇതുവരെ സ്റ്റോക്കുകൾ, സ്വർണം തുടങ്ങിയ പരമ്പരാഗത ആസ്‌തികളേക്കാൾ മികച്ച പ്രകടനമാണ് ബിറ്റ്കോയിന് കാഴ്‌ചവക്കാനായത്. യു.എസ് സപോട്ട് ബിറ്റ്കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇ.ടി.എഫ്) പുറത്തിറക്കിയതും ഫെഡറൽ റിസർവ് ഈ വർഷം നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും ബിറ്റ്കോയിൻ വില ഉയരാൻ കാരണമായി.

എതെറിയം ബ്ലോക്ക്‌ചെയിൻ നെറ്റ്വർക്കിലേക്കുള്ള നവീകരണവും വളർച്ചയ്ക്ക് കരുത്തേകി. ബിറ്റ്കോയിന്റെ സമീപകാല വളർച്ച മറ്റ് ക്രിപ്റ്റോകറൻസികളിലുള്ള വിശ്വാസം വർധിക്കാനും സഹായിച്ചു. പ്രത്യേകിച്ച് ക്രിപ്റ്റോകറൻസിയായ ഈഥറിനെ. മൊത്തം വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ബിറ്റ്‌കോയിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഈഥർ. വർഷത്തിന്റെ തുടക്കം മുതൽ ഇതുവരെ 60 ശതമാനത്തിലധികം ഉയർച്ചയാണ് ഈഥറിന് ഉണ്ടായത്.