ഇന്ത്യയിലെ ആദ്യ തടാകതീര ടെക്നോപാര്‍ക്ക്: വർക്കേഷനുമായി കൊല്ലം ടെക്നോപാർക്ക്

0
182

 

ജോലിയ്ക്കും വിനോദത്തിനും ഒരേ സ്ഥലം ലഭ്യമാക്കുന്ന വര്‍ക്കേഷന്‍ പദ്ധതിയുമായി ടെക്നോപാർക്ക് ഫേസ്-5 കൊല്ലം ജില്ലയിൽ അഷ്ടമുടി കായലിനോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ തടാകതീര ടെക്നോപാർക്കാണിത്. വർക്കേഷൻ (Workcation) ഹബ്ബായി പരിഗണിക്കാനുള്ള അനുമതിക്കായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. വര്‍ക്കേഷന്‍ പദ്ധതിയിലൂടെ ടെക്കികള്‍ക്ക് ജോലി ചെയ്യുന്നതിനൊപ്പം വിനോദത്തിനുള്ള സാധ്യതകളും തുറന്നു കിട്ടും.

4.44 ഏക്കറിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃ‌തിയിലാണ് ലീഡ്-ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ച കെട്ടിടം സ്ഥാപിച്ചിരിക്കുന്നത്. നിലവിൽ രണ്ടു കമ്പനികൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഐ.ടി പ്രത്യേക സാമ്പത്തിക മേഖലയായതിനാൽ 100 ശതമാനം ഐ.ടി/ഐ.ടി.ഇ എസ് കമ്പനികൾക്കാണ് ഇവിടെ പ്രവർത്തിക്കാൻ അവസരം നൽകുന്നത്. 20,000 ചതുരശ്ര അടി വാം ഷെൽ രീതിയിലും 8, 25 ഇരിപ്പിടങ്ങൾ ഉള്ള 7 പ്ലഗ്ഗ് ആൻഡ് പ്ലേ മൊഡ്യൂളുകളൂം സജ്ജമാക്കിയിട്ടുണ്ട്.

കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ടചര്‍ ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വികസന പ്രവർത്തനത്തിൻ്റെ ഭാഗമായി കളിസ്ഥലം, ആംഫി തീയേറ്റർ, ഗസ്റ്റ് ഹൗസ്, ലേഡീസ് ഹോസ്റ്റൽ എന്നിവ സജ്ജീകരിക്കുന്നുണ്ട്. ഹ്രസ്വ കാലത്തേക്ക് സ്ഥലം വാടകയ്ക്ക് എടുത്ത് ജോലിയും ഒഴിവു സമയങ്ങളിൽ കായലിൻ്റെ ഭംഗിയും ആസ്വദിച്ച് പ്രവർത്തിക്കാനുള്ള സാഹചര്യം സംരംഭകർക്ക് നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.