ഗണേഷ് കുമാറിന്റെ റൂട്ട് റാഷണലൈസേഷൻ വിജയകരം:ലാഭം നേടി കെഎസ്ആര്‍ടിസി

0
180

ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെ നിലവിലെ ലോക്കൽ, ഓർഡിനറി ഷെഡ്യൂളുകൾ പുനക്രമീകരിച്ച് കെഎസ്ആര്‍ടിസി നടപ്പിലാക്കിയ റൂട്ട് വിന്യാസം വിജയകരം. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസിയുടെ ചുമതല ഏറ്റെടുത്തശേഷം നടപ്പിലാക്കിയ പരിഷ്‌കാരങ്ങളാണ് ലാഭം കൊണ്ടുവരുന്നത്.

ഓര്‍ഡിനറി സര്‍വീസുകളില്‍ റൂട്ട് റാഷണലൈസേഷന്‍ നടപ്പിലാക്കിയതോടെ ഒരു ദിവസം 52,456  കിലോമീറ്റർ അനാവശ്യ യാത്രാ ദൈർഖ്യം ഒഴിവാക്കി. ഇത്തരത്തിൽ പ്രതിദിനം 13,101 ലിറ്റര്‍ ഡീസല്‍ ഉപഭോഗം കുറയ്ക്കുന്നതുവഴി 12,51,392 രൂപ ഡീസല്‍ തുകയിനത്തില്‍ ലാഭിച്ചു. 2,09,825 രൂപ മെയിന്റനന്‍സ് തുകയിനത്തില്‍ ലാഭം നേടി.
കിലോമീറ്ററിന് നാലു രൂപ സ്‌പെയര്‍പാര്‍ട്‌സ് കോസ്റ്റ് ഉള്‍പ്പെടെ ഒരു ദിവസത്തെ ലാഭം 14,61,217 രൂപയാണ്.

കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകളില്‍ യാത്രക്കാർക്ക് പ്രയോജനകരമായ രീതിയിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കിയതിലൂടെ ഒരു മാസം ലഭിക്കാന്‍ കഴിയുന്നത് 4,38,36,500 രൂപയാണ്.   ഓർഡിനറി സർവീസുകളില്‍ നടപ്പിലാക്കി വിജയമായ ഈ പദ്ധതി സൂപ്പർ ഫാസ്റ്റ് മുതല്‍ മുകളിലോട്ടുള്ള ദീർഘദൂര സർവീസുകളില്‍ക്കൂടി സമയബന്ധിതമായി തന്നെ പ്രാവർത്തികമാക്കും. ഇതിലൂടെ കെഎസ്‌ആർടിസിയുടെ വരുമാനത്തിന്റെ നട്ടെല്ലായ സർവീസ് ഓപ്പറേഷനിലെ ഭീമമായ നഷ്ടം ഒഴിവാക്കാൻ സാധിക്കും.