കേരളത്തിന് ഒറ്റത്തവണ രക്ഷാപ്പാക്കേജ് അനുവദിക്കാൻ കേന്ദ്രത്തോട് സുപ്രിം കോടതി

0
187

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കേരളത്തിന് ഒറ്റത്തവണ രക്ഷാപ്പാക്കേജ് അനുവദിക്കുന്നത് ഉടൻ പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രിം കോടതി. കേരളത്തിന് പ്രത്യേക പരിഗണന നൽകിയാൽ മറ്റ് സംസ്ഥാനങ്ങളും ഈ ആവശ്യമുന്നയിക്കുമെന്ന് കേന്ദ്രം പറഞ്ഞപ്പോൾ കടുത്ത നിബന്ധനകളോടെ കേരളത്തിന് പാക്കേജ് അനുവദിക്കുന്നത് പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.

അതേസമയം ഏപ്രിൽ ഒന്നിന് കേരളത്തിന് 5,000 കോടി രൂപ അനുവദിക്കാമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കടരമണി, അഡിഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കടരമണൻ എന്നിവർ കോടതിയിൽ അറിയിച്ചു. എന്നാൽ കേരളത്തിന് സഹായം വേണ്ടത് ഇപ്പോഴാണെന്നും 10 ദിവസത്തിനകം എന്ത് സഹായം നൽകാനാകുമെന്ന് കേന്ദ്രം ആലോചിക്കണമെന്നും ബെഞ്ച് നിർദേശിച്ചു. 

കേന്ദ്രം കേരളത്തോട് കുറച്ചുകൂടി വിശാലമനസ്സ് കാട്ടണമെന്നും കടുത്ത നിബന്ധനകൾ അടുത്ത സാമ്പത്തിക വർഷം മാത്രം നടപ്പാക്കിയാൽ മതിയെന്നും ബെഞ്ച് പറഞ്ഞു. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31നകം കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കാനാണ് ബെഞ്ചിന്റെ നിർദേശം.