തമിഴ്നാട് ടൂറിസത്തെ സ്വാധീനിച്ച് മഞ്ഞുമ്മൽ ബോയ്സ്:കൊടൈക്കനാലിലേക്ക് വിനോദസഞ്ചരികളുടെ ഒഴുക്ക് 

0
293

തമിഴ്നാടിന്റെ വിനോദ സഞ്ചാര ഭൂപടത്തിലും ഇടം പിടിച്ച് മലയാള സിനിമ  മഞ്ഞുമ്മൽ ബോയ്സ്. മഞ്ഞുമ്മൽ ബോയ്സ് കണ്ട്, കൊടൈക്കനാലും ഗുണാ കേവ്സും കാണാൻ എത്തുന്നവരുടെ തിരക്കാണ് തമിഴ്നാട്ടിൽ ഇപ്പോൾ. ഒരാഴ്ച കൊണ്ട് 40,000 പേരാണ് കൊടൈക്കനാലും ഗുണാ കേവ്സും കാണാൻ എത്തിയതെന്നാണ് ഔദ്യോഗിക കണക്കുകൾ. ഓഫ് സീസൺ ആയിട്ടുപോലും കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ കാണാൻ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.


മഞ്ഞുമ്മൽ ബോയ്സ് സിനിമ കണ്ടതിന് ശേഷമാണ് ഗുണാ കേവ്സ് കാണാൻ എത്തിയതെന്നാണ് ഭൂരിഭാഗം സഞ്ചാരികളും പറയുന്നത്. ഫെബ്രുവരിയിൽ മാത്രം 1 ലക്ഷത്തോളം സഞ്ചാരികളാണ് കൊടൈക്കനാലും ഗുണാ കേവ്സും കാണാൻ എത്തിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം സിനിമ കണ്ട് ഗുണാ കേവ്സിന്റെ ഉൾഭാഗം കാണാനും ആളുകൾ ശ്രമിക്കുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.


നടൻ കമലഹാസൻ, ഉദയനിധി സ്റ്റാലിൻ എന്നിവർ സിനിമ കണ്ട് മഞ്ഞുമ്മൽ ബോയ്സ് ടീമിനെ നേരിട്ട് കണ്ട് അഭിനന്ദിച്ചിരുന്നു. യഥാർഥ മഞ്ഞുമ്മൽ ടീം 18 വർഷത്തിന് ശേഷം കൊടൈക്കനാൽ വീണ്ടും സന്ദർശിച്ചതും വാർത്തയായിരുന്നു. ഇതെല്ലാമാകാം നിലവിലെ തിരക്കിന് കാരണമെന്നാണ് കരുതുന്നത്. 2006ൽ നടന്ന യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്.