തിരഞ്ഞെടുപ്പുകാല ആശ്വാസം:രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു

0
391

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം വില കുറച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. ഇന്ന് (മാർച്ച് 15, വെള്ളി) രാവിലെ 6 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്ധനവിലയിൽ മാറ്റം വരുത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് വില കുറച്ചതെന്നതും ശ്രദ്ധേയമാണ്. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ട്വിറ്ററിലൂടെ (എക്‌സ്)യാണ് ഇന്ധനവില കുറച്ചുവെന്ന് അറിയിച്ചത്.

2022 മേയ് 21ന് കേന്ദ്രം പെട്രോളിന് ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും എക്സൈസ് നികുതി കുറച്ചപ്പോഴാണ് ഇതിന് മുമ്പ് അവസാനമായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞത്. തുടർന്ന് രാജ്യാന്തര ക്രൂഡോയിൽ വില വൻതോതിൽ കുറഞ്ഞെങ്കിലും എണ്ണക്കമ്പനികൾ ഇന്ധനവില കുറയ്ക്കാൻ തയ്യാറായിരുന്നില്ല. നേരത്തേ ക്രൂഡോയിൽ വില കൂടി നിന്ന സമയത്ത് ഇന്ധനവില പരിഷ്‌കരിക്കാതിരുന്നത് മൂലം കനത്ത നഷ്ടം നേരിട്ടിരുന്നുവെന്നും അത് നികത്തുന്നതിൻ്റെ ഭാഗമായാണ് വില കുറയ്ക്കാത്തതെന്നുമായിരുന്നു എണ്ണക്കമ്പനികളുടെ നിലപാട്.

നിലവിൽ കേരളത്തിൽ പെട്രോളിന് 107.93 രൂപയും ഡീസലിന് 96.53 രൂപയുമാണ് വില (തിരുവനന്തപുരം വില). നടപ്പുവർഷത്തേക്കുള്ള (2023-24) സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ അധിക സെസ് ഏർപ്പെടുത്തിയിരുന്നു. ഇതില്ലായിരുന്നെങ്കിൽ രണ്ടു രൂപയുടെ കൂടി ആശ്വാസം കേരളത്തിൽ ലഭിക്കുമായിരുന്നു. രാജ്യത്ത് പെട്രോളിന് ആന്ധ്രാപ്രദേശ് (അമരാവതി) കഴിഞ്ഞാൽ ഏറ്റവും ഉയർന്ന വിലയുള്ളത് കേരളത്തിലാണ് (തിരുവനന്തപുരം). കഴിഞ്ഞ മാർച്ച് എട്ടിന് (ലോക വനിതാദിനം) പ്രധാനമന്ത്രി നരേന്ദ്ര മോദി വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 100 രൂപ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പെട്രോൾ, ഡീസൽ വിലയും കുറച്ചത്.