ന്യൂഡല്‍ഹി: മൊബൈല്‍ഫോണില്‍ വരുന്ന പരിചയമില്ലാത്ത കോളിലെ നമ്പറിന്റ ഉടമ ആരെന്ന് അറിയാനായി ഇനി ട്രൂകോളര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട കാര്യമില്ല.
ഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകുന്ന സംവിധാനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്താന്‍ കേന്ദ്ര ടെലികോം വകുപ്പ് ട്രായി (ടെലികോം റെഗുലേറ്ററി അതോറിട്ടി) യോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതിന്റെ പ്രാരംഭ നടപടികള്‍ ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കുമെന്ന് ട്രായ് ചെയര്‍മാന്‍ പി.ഡി. വഗേല വ്യക്തമാക്കി. സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണ്‍കോള്‍ ലഭിക്കുന്ന വ്യക്തിയുടെ മൊബൈല്‍ സ്‌ക്രീനില്‍ ദൃശ്യമാകുന്ന സംവിധാനമാണ് നടപ്പാക്കാനൊരുങ്ങുന്നത്.
നിലവില്‍ ഫോണില്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പരില്‍ നിന്നും കോള്‍ വന്നാല്‍ പേര് അറിയുന്നതിനായി ട്രൂകോളര്‍ എന്ന സ്വകാര്യ ആപ്പ് ആണ് ആളുകള്‍ ഉപയോഗിച്ചു വരുന്നത്. ഈ ആപ്പ് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ട്രൂകോളര്‍ ഇത് സാധ്യമാക്കിയിരുന്നത്. ഈ സംവിധാനം നിലവില്‍ വന്നാല്‍ ട്രൂക്കോളര്‍ അടക്കമുള്ള സ്വകാര്യ ആപ്പുകള്‍ക്ക് കളമൊഴിയേണ്ടിവരും